Entertainment
300 കോടി അല്ലെങ്കില്‍ 500 കോടി പോസ്റ്ററുകള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും, തമിഴ് സിനിമക്ക് ഒരിക്കലും അത്ര കളക്ഷന്‍ നേടാന്‍ സാധിക്കില്ല: സുന്ദര്‍ സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 08:06 am
Tuesday, 29th April 2025, 1:36 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്‌കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍ സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. അന്‍പേ ശിവം, അരുണാചലം, ആമ്പളൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത് സുന്ദര്‍ സിയായിരുന്നു.

തമിഴ് സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് സുന്ദര്‍ സി. എത്ര എഫര്‍ട്ടെടുത്ത് സിനിമ ചെയ്താലും അത് പ്രേക്ഷകര്‍ക്ക് വര്‍ക്കാവുക എന്നതാണ് സിനിമയുടെ ആത്യന്തിക ലക്ഷ്യമെന്ന് സുന്ദര്‍ സി പറഞ്ഞു. പൈസ മുടക്കി പൈസ നേടുക എന്ന ബിസിനസ് മാത്രമാണ് സിനിമയെന്നും നിര്‍മാതാവിന് മുടക്കിയ പൈസ തിരിച്ചെത്തിക്കുക എന്നതാണ് തന്റെ പ്രയോറിറ്റിയെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.

സിനിമ നന്നായി വന്നിട്ടും അതിന് വേണ്ടത്ര കളക്ഷന്‍ കിട്ടിയില്ലെങ്കില്‍ കാര്യമില്ലെന്നും ഓപ്പറേഷന്‍ വിജയിച്ച് രോഗി മരിക്കുന്നതിന് തുല്യമാണ് അതെന്നും സുന്ദര്‍ സി പറഞ്ഞു. ഇപ്പോള്‍ പുറത്തുവരുന്ന 300 കോടി, 500 കോടി പോസ്റ്ററുകള്‍ കാണുമ്പോള്‍ തനിക്ക് ചിരി വരുമെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും സുന്ദര്‍ സി പറയുന്നു.

തമിഴ് സിനിമ അത്രക്ക് വളര്‍ന്നിട്ടില്ലെന്നും റിലീസിന്റെ രണ്ടാം ദിവസം തന്നെ 100 കോടി നേടിയെന്ന് പറയുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. ഇത്തരം പോസ്റ്ററുകള്‍ കൊണ്ട് നായകന്മാര്‍ക്ക് മാത്രമാണ് പ്രയോജനമെന്നും മറ്റാര്‍ക്കും അതുകൊണ്ട് ഗുണമുണ്ടാകില്ലെന്നും സുന്ദര്‍ സി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു സുന്ദര്‍ സി.

‘എത്ര എഫര്‍ട്ടെടുത്തിട്ടുണ്ടെന്ന് പറഞ്ഞാലും അത് പ്രേക്ഷകര്‍ക്ക് വര്‍ക്കാകുന്നതാണ് ഏറ്റവും പ്രധാനം. അത് മാത്രമാണ് സിനിമയുടെ ആത്യന്തികമായ ലക്ഷ്യം. പൈസ മുടക്കി പൈസ നേടുക എന്ന സാധാരണ ബിസിനസ് രീതി മാത്രമാണ് സിനിമ. നൂറുകണക്കിന് ആര്‍ട്ടിസ്റ്റുകളെ വിശ്വസിച്ച് നിര്‍മാതാവ് മുടക്കിയ പൈസ അയാള്‍ക്ക് തിരിച്ചെത്തിക്കുക എന്നുള്ളതാണ് എന്റെ ലക്ഷ്യം.

സിനിമ നന്നായിട്ടും നിര്‍മാതാവിന് ലാഭമില്ലെന്ന് പറയുന്നത് ഓപ്പറേഷന്‍ വിജയകരമായിട്ടും രോഗി മരിച്ചു എന്ന് പറയുന്നതിന് തുല്യമാണ്. വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ഇപ്പോള്‍ കാണുന്ന 100 കോടി, 300 കോടി, 500 കോടി പോസ്റ്ററുകള്‍ കാണുമ്പോള്‍ എനിക്ക് ചിരി വരും. തമിഴ് സിനിമയില്‍ ഒരു കാലത്തും അങ്ങനെ സംഭവിക്കില്ല. റിലീസായതിന്റെ പിറ്റേന്ന് തന്നെ ഈ പോസ്റ്ററുകള്‍ കാണാന്‍ പറ്റും. ഇതൊക്കെ കൊണ്ട് നായകന്മാര്‍ക്ക് മാത്രമാണ് പ്രയോജനം. മറ്റാര്‍ക്കും ഗുണമുണ്ടാകില്ല,’ സുന്ദര്‍ സി പറഞ്ഞു.

Content Highlight: Sundar C says he beleives that Tamil Cinema can’t never collect 500 crore in box office