കോഴിക്കോട്: റാപ്പര്‍ വേടനെതിരെ ഉയരുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ക്കെതിരെ സി.പി.ഐ.എം നേതാവും കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണന്‍. കഞ്ചാവും കള്ളും ഉപയോഗിക്കുന്ന ആളാണെന്ന് വരുത്തി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കുന്നത് ശരിയല്ലെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
കഞ്ചാവും കള്ളുമൊന്നും അടിച്ചു നടക്കുന്നതിനോട് യോജിപ്പില്ലെന്ന് പറഞ്ഞ കെ.ടി പക്ഷെ ഒരാള്‍ കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത്
അത്ര ശരിയായ രീതിയല്ലെന്ന് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പറഞ്ഞു.
കഞ്ചാവും ലഹരി വസ്തുക്കളും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും നിയവിരുദ്ധമാണെന്നും നിയമാനുസൃതമായി അതിനെ നിയമപാലന ഉത്തരവാദിത്വമുള്ളവര്‍ കര്‍ശനമായി തന്നെ നേരിടട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പക്ഷെ അതിന്റെ പേരില്‍ ഒരുതരത്തിലുള്ള വംശീയ അധിക്ഷേപവും അനുവദിക്കാന്‍ കഴിയില്ലെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
സംവിധായന്‍ ജോണ്‍ എബ്രഹാമും കഞ്ചാവും കള്ളുമെല്ലാം അടിച്ചിരുന്നുവെന്നും അതു കൊണ്ട് ജോണ്‍ തന്റെ സിനിമകളിലൂടെ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെയും ജനകീയമായ സൗന്ദര്യ ബോധത്തെയും ആര്‍ക്കെങ്കിലും തള്ളിക്കളയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
സഹസ്രാബ്ദങ്ങളായി നിശ്ശബ്ദരാക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ മനുഷ്യരുടെ ശബ്ദമാകുന്നവരെ കുറ്റവാളികളാക്കി വേട്ടയാടുന്നത് വര്‍ണവംശമഹിമയിലധിഷ്ഠിതമായ വ്യവസ്ഥകളുടെ ക്രൂരവിനോദം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
കറുത്തവരെ മയക്കുമരുന്നിന്റെ പേരില്‍ വംശീയമായി വേട്ടയാടുന്ന അമേരിക്കന്‍ ഭീകരതയെ കുറിച്ച് സാഷ അബ്രാംസ്‌ക്കി തന്റെ അമേരിക്കന്‍ ജയില്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിനെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് വേടനെ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റായിരുന്നു ഇത്. ഞായറാഴ്ച രാത്രിയിലെ പ്രോഗ്രാം കഴിഞ്ഞാണ്സംഘം ഫ്‌ളാറ്റിലെത്തിയത്.
കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയയ്ക്കുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ മാലയിലെ പുലി പല്ലിന്റെ പേരില്‍ വനം വകുപ്പ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തത്.
Content Highlight: It is not right to make someone’s politics and positions irrelevant by making them say they are addicted to toddy and ganja: K.T. Kunjikannan