Entertainment
ചായ കുടിക്കുന്ന സീന്‍ റെഫറന്‍സ് പോലെ ചെയ്തതല്ല: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 08:01 am
Tuesday, 29th April 2025, 1:31 pm

മലയാളികള്‍ക്ക് ഇന്ന് പരിചിതനായ നടനും സഹസംവിധായകനുമാണ് ബിനു പപ്പു. നടന്‍ കുതിരവട്ടം പപ്പുവിന്റെ മകനാണ് അദ്ദേഹം. 2014ല്‍ പുറത്തിറങ്ങിയ ഗുണ്ട എന്ന സിനിമയിലൂടെയാണ് ബിനു അഭിനയരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഹെലന്‍, വണ്‍, ഓപ്പറേഷന്‍ ജാവ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആഷിഖ് അബു, മാത്തുക്കുട്ടി സേവ്യര്‍, തരുണ്‍ മൂര്‍ത്തി, ലാല്‍ ജോസ്, ജോണ്‍പോള്‍ ജോര്‍ജ്, റോഷന്‍ ആന്‍ഡ്രൂസ്, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മായാനദി, വൈറസ്, ഹലാല്‍ ലവ് സ്റ്റോറി എന്നിവയുള്‍പ്പെടെയുള്ള സിനിമകളില്‍ ബിനു അസിസ്റ്റന്റ് ഡയറക്ടറായും ചീഫ് അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ തിയേറ്ററില്‍ മുന്നേറി കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം തുടരും മൂവിയുടെ കോ ഡയറക്ടറാണ് അദ്ദേഹം. ബിനു പപ്പു സിനിമയില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുമുണ്ട്. ഇപ്പോള്‍ സിനിമയിലെ ഒരു സോങ്ങ് സ്വീക്കന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

മോഹന്‍ലാലും ശോഭനയും ചായ കുടിക്കുന്ന ഷോട്ട് പഴയ സിനിമകളിലെ റെഫറന്‍സ് പോലെയൊന്നും ചെയ്തതല്ലെന്ന് ബിനു പപ്പു പറയുന്നു. പാട്ടിലെ സ്വീക്കന്‍സിനായി ടെക്‌സ്റ്റൈല്‍സ് ഷോപ്പിലാണ് തങ്ങള്‍ പോയതെന്നും പിന്നീട് ചായ കുടിക്കുന്ന ഒരു ഷോട്ട് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഷോട്ട് എടുത്ത് കഴിഞ്ഞപ്പോളാണ് നാടോടിക്കാറ്റിലെ സീനും ഇതുമായി കണക്ട് ചെയ്യുന്ന പോലെ തങ്ങള്‍ക്ക് തോന്നിയതെന്നും ബിനു കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലും ശോഭനയും ഒരുപാട് സിനിമകളില്‍ അഭിനയിച്ചതിനാല്‍ പല കാര്യങ്ങളും തന്നെ തങ്ങള്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നില്ലെന്നും ബിനു പപ്പു പറഞ്ഞു. റെഡ് എഫ് എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

‘പാട്ടിലെ സ്വീക്കന്‍സിന് വേണ്ടി ടെക്‌സ്‌റ്റൈലില്‍ ഉള്ള സീനെടുക്കാനാണ് പോയത്. അതിന്റെ തൊട്ടടുത്ത് ഒരു ചായ കടയുണ്ട്. ആ ചായ കടക്ക് ഭയങ്കര ഒരു ക്യാരക്ടര്‍ ഉണ്ടായിരുന്നു. ഒരു ആര്‍ച്ചും, ബ്രിക്ക്‌സുമൊക്കെ ആയിട്ട്. ഇവന്‍ അത് കണ്ടിട്ട് ‘നമ്മുക്ക് ചായ കുടിക്കുന്ന ഒരു ഷോട്ട് എടുത്താലോ’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘അത് വേണോ’ പിന്നെ വിചാരിച്ചു എടുത്തേക്കാം എന്ന്.

അത് എടുത്ത് കഴിഞ്ഞപ്പോഴാണ് അമല്‍ എടുത്ത ഒരു ഫോട്ടോയും നാടോടിക്കാറ്റും എല്ലാം കൂടെ കണക്ട് ആയി വന്നു. എല്ലാം ബ്ലന്‍ഡ് ആയി. അത് നമ്മള്‍ ആ ഉദേശത്തില്‍ ചെയ്തതല്ല. ഞങ്ങള്‍ അവര്‍ ചായ കുടിക്കുന്ന ഒരു സ്വീക്കന്‍സ് എടുത്തതാണ്. കുറെ സിനിമയില്‍ ഇവര്‍ ഒരുമ്മിച്ച് അഭിനയിച്ചതുകൊണ്ട് എന്തൊക്കെയാണ് ചെയ്ത് വെച്ചേക്കുന്നത് എന്ന് നമ്മള്‍ക്കും അറിയില്ല. നമ്മളും സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ അത് നമ്മള്‍ കൃത്യമായി ഓര്‍ത്ത് വെക്കുന്നില്ലല്ലോ ഇങ്ങനെ വരുമെന്ന്,’ ബിനു പപ്പു പറയുന്നു.

Content Highlight: Binu pappu  talks about song sequence in Thudarum