Kerala News
വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 29, 07:40 am
Tuesday, 29th April 2025, 1:10 pm

കോഴിക്കോട്: റാപ്പര്‍ വേടന് പിന്തുണ അറിയിച്ച് മുന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വേടന്റെ ‘കറുപ്പിന്റെ ‘ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്നും വേടന്റെ ‘വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെയെന്നുമാണ് മാര്‍ കൂറിലോസിന്റെ പരാമര്‍ശം.

മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാടാണിതെന്നും മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

‘മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും അവയുടെ ശരീരഭാഗങ്ങള്‍ക്കു പോലും ജാതിയുള്ള നാട്!.വേടന്റെ ”കറുപ്പിന്റെ’ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്. വേടന്റെ ”വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള’ കലാവിപ്ലവം തുടരട്ടെ,’ മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്നലെയാണ് വേടനെ തൃപ്പുണിത്തുറയിലെ ഫ്‌ളാറ്റില്‍ കഞ്ചാവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ പൊലീസാണ് വേടന്റെ ഫ്ളാറ്റില്‍ നിന്ന് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വേടന്റെ കൂടെ മറ്റ് ഒമ്പത് പേര്‍കൂടി ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരുടെ പക്കല്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്ന കാര്യം വ്യക്തമല്ല. വേടന്‍ വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റായിരുന്നു ഇത്. ഞായറാഴ്ച രാത്രിയിലെ പ്രോഗ്രാം കഴിഞ്ഞാണ്സംഘം ഫ്‌ളാറ്റിലെത്തിയത്.

കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ വേടന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വേടനെ വിട്ടയയ്ക്കുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ മാലയിലെ പുലി പല്ലിന്റെ പേരില്‍ വനം വകുപ്പ് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തത്.

Content Highlight: Former Metropolitan Geevarghese Mar Koorilos expresses support for rapper Vedan