തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സെറ്റില്‍ മോഹന്‍ലാലുമൊത്തുള്ള ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഷൈജു അടിമാലി. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഷൈജുവിനും സാധിച്ചിരുന്നു.
ലൊക്കേഷനില്‍ മോഹന്‍ലാലിനെപ്പോലുള്ള ഒരു വലിയ നടനൊപ്പം സമയം ചിലവഴിക്കാന്‍ കഴിയുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണെന്നും ഒരുപാട് സമയം അദ്ദേഹത്തിനൊപ്പം ചിലവഴിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഷൈജു പറയുന്നു.
ഒപ്പം തന്റെ കയ്യിലുള്ള ഡിസ്‌പ്ലേ പൊട്ടിപ്പൊളിഞ്ഞ മൊബൈല്‍ ഫോണ്‍ മോഹന്‍ലാല്‍ വാങ്ങിയതിനെ കുറിച്ചും വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൈജു പറയുന്നുണ്ട്.
‘ ഇലക്ഷന്‍ നടക്കുന്ന സമയമാണ്. എന്റെ ഫോണിന്റെ ഡിസ്‌പ്ലേയുടെ മുകളിലൊട്ടിച്ച സ്‌ക്രീന്‍ ഗാര്‍ഡ് മൊത്തം പൊട്ടിപ്പൊളിഞ്ഞ് ഇരിക്കുകയാണ്. വിരല്‍ സ്പീഡില്‍ ഓടിച്ചു കഴിഞ്ഞാല്‍ ചിലപ്പോള്‍ മുറിയും.
ഞാനിങ്ങനെ അത് മാറ്റിയൊട്ടിക്കാന്‍ വേണ്ടി ചെന്നു. ലൊക്കേഷനില്‍ ആരെങ്കിലും കണ്ടാല്‍ മോശമാണല്ലോ എന്ന് കരുതി ചെന്നതാണ്. അപ്പോള്‍ പുള്ളി ചേട്ടാ, ഇത് ഊരിയെടുക്കുമ്പോള്‍ ചിലപ്പോള്‍ ഡിസ്‌പ്ലേ പോകാന്‍ ചാന്‍സുണ്ട് എന്ന് പറഞ്ഞു.
അങ്ങനെയാണെങ്കില്‍ അനക്കണ്ട എന്ന് പറഞ്ഞ് വെച്ചേക്കുവാണ്. മൊത്തം പൊളിഞ്ഞിരിക്കുകയാണ്. വിളിച്ചാല്‍ കിട്ടാന്‍ ഈ ഫോണേ ഉള്ളൂ. ഡിസ്‌പ്ലേ മാറാന്‍ ആ സമയത്ത് സാധിക്കുകയും ഇല്ല.
അങ്ങനെ സെറ്റില്‍ ഞാന്‍ ഈ ഫോണില്‍ ഇലക്ഷന്റെ വാര്‍ത്ത കണ്ടോട്ട് ഇരിക്കുകയാണ്. ആ സമയത്ത് സാറ് എന്റെ പിറകില്‍ കൂടി ഇങ്ങനെ പോകുന്നുണ്ട്. ഞാനത് കാണുന്നില്ല.
ഇലക്ഷന്റെ വാര്‍ത്തകളാണ്. ഞാന്‍ ഇങ്ങനെ ഫോണിലേക്ക് നോക്കി ഇരിക്കുകയാണ്. ഇപ്പോള്‍ 336 വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണെന്നൊക്കെ പറയുന്നുണ്ട്.
സാറ് പിറകിലൂടെ വന്നിട്ട് എന്തായി മോനെ, എത്രയായി.. എന്ന് ചോദിച്ചു. അല്ല സാറെ വാര്‍ത്ത വെച്ചതായിരുന്നു.. എന്ന് പറഞ്ഞു.
ഇനിയിപ്പോ ഞാന്‍ വെച്ചത് തെറ്റായിപ്പോയോ, എന്താണ് സംഭവിക്കുന്നത് എന്നൊന്നും എനിക്ക് അറിയാന്‍ പാടില്ല. സാറേ..അത് എന്ന് പറഞ്ഞപ്പോള്‍, കാണിച്ചേ എന്ന് പറഞ്ഞ് എന്റെ കയ്യില്‍ നിന്ന് അദ്ദേഹം ആ ഫോണ്‍ അങ്ങ് വാങ്ങി.
സാറിന്റെ ഫോണൊക്കെ..ആലോചിച്ചു നോക്കണം. എന്റെ ഫോണ്‍ വാങ്ങിച്ച് പുള്ളി അവിടെ നിന്ന് ആ വാര്‍ത്ത ഇങ്ങനെ കാണുകയാണ്.
ഡിസ്‌പ്ലേയൊക്കെ മൊത്തം പൊട്ടിയിരിക്കുകയാണ്. അതിനകത്ത് കഷ്ടപ്പെട്ട് വാര്‍ത്ത കാണുകയാണ്. കുറച്ച് നേരം പുള്ളി അവിടെ നിന്ന് വാര്‍ത്ത കണ്ടു..ഈ സാറ്..ഇത് എന്ന അവസ്ഥയിലായി ഞാന്‍. അങ്ങനെയൊക്കെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്,’ ഷൈജു അടിമാലി പറഞ്ഞു.
Content Highlight: Actor Shyju Adimalai share a story about mohanlal and his mobile phone