ലക്‌നൗ: ആം ആദ്മി എം.എല്‍.എ സോംനാഥ് ഭാരതിയ്ക്ക് മേല്‍ മഷിയൊഴിച്ച ഹിന്ദുയുവവാഹിനി കണ്‍വീനറെ ‘ആദരിച്ച്’ കോണ്‍ഗ്രസ് എം.എല്‍.എ. റായ്ബറേലി എം.എല്‍.എയായ പ്രതാപ് സിംഗാണ് ഹിന്ദുയുവവാഹിനി നേതാവിനെ ആദരിക്കുകയും സംഘടനയ്ക്ക് അരലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കുകയും ചെയ്തത്.
ചടങ്ങില്‍ കോണ്‍ഗ്രസ് എം.എല്‍.എ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിക്കുകയും ചെയ്തു. സോംനാഥ് ഭാരതിയ്ക്ക് ലഭിച്ചത് അദ്ദേഹത്തിന്റെ മോശം വാക്കുകള്‍ക്കുള്ള ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.
‘യു.പി മുഖ്യമന്ത്രിയ്‌ക്കെതിരായ പരാമര്‍ശത്തിന് അദ്ദേഹത്തിന് ഉചിതമായ മറുപടിയാണ് ലഭിച്ചത്. യോഗി ആദിത്യനാഥ് ദൈവതുല്യനാണ്. യു,പിയിലെ ജനങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നു’, പ്രതാപ് സിംഗ് പറഞ്ഞു.
ഹിന്ദുയുവവാഹിനിയ്ക്ക് 51000 രൂപയും പ്രതാപ് സിംഗ് നല്‍കി. റായ്ബറേലിയുടേയും ഹിന്ദുസമൂഹത്തിന്റേയും യശസ്സ് ഉയര്‍ത്തുന്നതാണ് ഹിന്ദുയുവവാഹിനിയുടെ നടപടിയെന്നും പ്രതാപ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലത്തിലുള്‍പ്പെട്ട നിയമസഭാ മണ്ഡലത്തെയാണ് പ്രതാപ് സിംഗ് പ്രതിനിധീകരിക്കുന്നത്. 2017 ല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ദിനേഷ് സിംഗിന്റെ സഹോദരനാണ് പ്രതാപ് സിംഗ്.
അതേസമയം കഴിഞ്ഞ ദിവസം സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്നും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് അദ്ദേഹത്തിന് നേരെ മഷിയെറിഞ്ഞത്. യു.പിയിലെ ആശുപത്രികള്‍ കുട്ടികള്‍ ജനിക്കുന്നുണ്ടെങ്കിലും അവ നായ്ക്കളുടേതാണെന്ന് സോംനാഥ് ഭാരതി പറയുന്നതായുള്ള വീഡിയോയാണ് പ്രചരിച്ചത്. മഷി പ്രയോഗത്തിന് ശേഷം സോംനാഥ് ഭാരതി യു.പിയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ യോഗി ആദിത്യനാഥിനെ അധിക്ഷേപിക്കുന്നതായും ആരോപണമുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക