ഇവനാണ് ഭാവി; ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തി ന്യൂസിലാന്‍ഡിന്റെ 'ദ്രാവിഡും സച്ചിനും'
icc world cup
ഇവനാണ് ഭാവി; ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തി ന്യൂസിലാന്‍ഡിന്റെ 'ദ്രാവിഡും സച്ചിനും'
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 9th November 2023, 9:31 pm

ലോകകപ്പിന്റെ 48 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം രചിന്‍ രവീന്ദ്ര. അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് ശ്രീലങ്കക്കെതിരായ മത്സരത്തിന് പിന്നാലെ രചിന്‍ സ്വന്തമാക്കിയത്.

2019 ലോകകപ്പില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയെ മറികടന്നാണ് രചിന്‍ രവീന്ദ്ര റെക്കോഡ് നേട്ടത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്.

ഒമ്പത് മത്സരത്തില്‍ നിന്നും 70.65 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 565 റണ്‍സാണ് രചിന്‍ നേടിയത്. 532 റണ്‍സാണ് 2019 ലോകകപ്പില്‍ ബെയര്‍‌സ്റ്റോ അടിച്ചുകൂട്ടിയത്.

അരങ്ങേറ്റ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – രാജ്യം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 565* – 2023

ജോണി ബെയര്‍സ്‌റ്റോ – ഇംഗ്ലണ്ട് – 532 – 2019

ബാബര്‍ അസം – പാകിസ്ഥാന്‍ – 474 – 2019

ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട് – 465 – 2019

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 461 – 1999

 

ഇതിന് പുറമെ ക്വിന്റണ്‍ ഡി കോക്കിനെയും വിരാട് കോഹ്‌ലിയെയും മറികടന്ന് 2023 ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രചിന്‍ രവീന്ദ്രക്കായി.

2023 ലോകകപ്പിലെ റണ്‍ വേട്ടക്കാര്‍

(താരം – രാജ്യം – മത്സരം – റണ്‍സ് എന്നീ ക്രമത്തില്‍)

രചിന്‍ രവീന്ദ്ര – ന്യൂസിലാന്‍ഡ് – 9 – 565

ക്വിന്റണ്‍ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 8 – 550

വിരാട് കോഹ്‌ലി – ഇന്ത്യ – 8 – 543

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 8 – 446

രോഹിത് ശര്‍മ – ഇന്ത്യ – 8 – 442

ശ്രീലങ്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ 34 പന്തില്‍ 42 റണ്‍സാണ് രചിന്‍ നേടിയത്. മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രചിന്റെ ഇന്നിങ്‌സ്.

ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ് തകര്‍ച്ച നേരിട്ട ശ്രീലങ്ക 46.4 ഓവറില്‍ 171 റണ്‍സിന് ഓള്‍ ഔട്ടായി.

ഓപ്പണര്‍ കുശാല്‍ പെരേരുടെ അര്‍ധ സെഞ്ച്വറിയും വാലറ്റക്കാരന്‍ മഹീഷ് തീക്ഷണയുടെ ചെറുത്തുനില്‍പുമാണ് ശ്രീലങ്കയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

172 റണ്‍സിന്റെ വിജയലക്ഷ്യം കിവികള്‍ അനായാസം മറികടക്കുകയും സെമി ഫൈനല്‍ സാധ്യതകള്‍ കൂടുതല്‍ ഊര്‍ജിതമാക്കുകയും ചെയ്തു.

 

Content Highlight: Rachin Ravindra has scored most runs on a debut World Cup