Advertisement
Sports News
കണ്ട കടുവകള്‍ക്ക് കേറി നിരങ്ങാന്‍ ഇത് മിര്‍പൂരല്ല, അശ്വിന്റെ ചെപ്പോക്കാണ്; തകര്‍പ്പന്‍ നേട്ടത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 20, 02:24 am
Friday, 20th September 2024, 7:54 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരം ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുകയാണ്. രണ്ട് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ചെപ്പോക് വേദിയാകുന്നത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരായ ആര്‍. അശ്വിന്റെയും രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്‌സ് ടോട്ടിലേക്ക് കടക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍. രാഹുലും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ മങ്ങിയ മത്സരത്തിലാണ് ഇന്ത്യയുടെ മിഡില്‍ ഓര്‍ഡറിലെ സൂപ്പര്‍ താരങ്ങള്‍ കത്തിക്കയറിയത്.

സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് അശ്വിന്‍ ക്രീസില്‍ തുടരുന്നത്. ജഡേജയാകട്ടെ സെഞ്ച്വറിക്ക് തൊട്ടരികിലാണ്. 112 പന്തില്‍ നിന്നും 102 റണ്‍സാണ് അശ്വിന്‍ ഇതുവരെ നേടിയത്. 117 പന്തില്‍ 86 റണ്‍സാണ് ജഡേജയുടെ പേരിലുള്ളത്.

ബംഗ്ലാദേശിനെതിരെ സ്വന്തം തട്ടകത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് അശ്വിനെ തേടിയെത്തിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണാണ് അശ്വിന്‍ മറികടന്നത്.

ഇതോടെ മറ്റൊരു റെക്കോഡും അശ്വിനെ തേടിയെത്തി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 1,000 റണ്‍സും നൂറ് വിക്കറ്റും നേടുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന നേട്ടമാണ് അശ്വിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഈ പട്ടികയിലെ രണ്ട് പേരും ഇന്ത്യന്‍ താരങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1,000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന താരങ്ങള്‍

രവീന്ദ്ര ജഡജേ – 1637 റണ്‍സും 102 വിക്കറ്റും

ആര്‍ അശ്വിന്‍ – 1,050 റണ്‍സും 174 വിക്കറ്റും

ഇതിനൊപ്പം തന്നെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഒന്നിലധികം സെഞ്ച്വറിയും ഫൈഫറും നേടുന്ന രണ്ടാമത് താരമെന്ന റെക്കോഡും അശ്വിന്‍ സ്വന്തമാക്കി. രവീന്ദ്ര ജഡേജ തന്നെയാണ് ഈ പട്ടികയില്‍ ഇടം നേടിയ മറ്റൊരു താരം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലധികം സെഞ്ച്വറിയും ഫൈഫറും സ്വന്തമാക്കിയ താരങ്ങള്‍

രവീന്ദ്ര ജഡേജ – മൂന്ന് സെഞ്ച്വറിയും നാല് ഫൈഫറും.

ആര്‍. അശ്വിന്‍ – രണ്ട് സെഞ്ച്വറിയും പത്ത് ഫൈഫറും.

അശ്വിനും ജഡേജയ്ക്കും പുറമെ അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളാണ് ഇന്ത്യന്‍ നിരയില്‍ ആദ്യ ദിനം തിളങ്ങിയ മറ്റൊരു താരം. 118 പന്ത് നേരിട്ട് 56 റണ്‍സാണ് ജെയ്‌സ്വാള്‍ ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. 52 പന്തില്‍ 39 റണ്‍സ് നേടിയ പന്തും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.

രോഹിത് ശര്‍മ (19 പന്തില്‍ ആറ്), ശുഭ്മന്‍ ഗില്‍ (എട്ട് പന്തില്‍ പൂജ്യം), വിരാട് കോഹ്‌ലി (ആറ് പന്തില്‍ ആറ്), കെ.എല്‍. രാഹുല്‍ (52 പന്തില്‍ 16) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് ആദ്യ ദിനം തന്നെ നാല് വിക്കറ്റ് നേടി. രോഹിത്തിനെയും വിരാടിനെയും അടക്കമാണ് മഹ്‌മൂദ് പവലിയനിലേക്ക് മടക്കിയത്. മെഹിദി ഹസന്‍ മിറാസ്, നാഹിദ് റാണ എന്നിവരാണ് ആദ്യ ദിവസം ബംഗ്ലാദേശിനായി വിക്കറ്റ് നേടിയ മറ്റ് താരങ്ങള്‍.

 

 

Content highlight: R Ashwin scripted several records in IND vs BAN 1st test