Advertisement
Sports News
നഥാന്‍ ലിയോണും അശ്വിനും നേര്‍ക്കുനേര്‍; മൂന്നാം ടെസ്റ്റില്‍ കാത്തിരിക്കുന്നത് തകര്‍പ്പന്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Dec 11, 01:15 pm
Wednesday, 11th December 2024, 6:45 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ടെസ്റ്റിലെ തോല്‍വിയോടെ പരമ്പരയില്‍ 1-1ന് സമനിലയിലാണ് ഇരുവരും. ബോര്‍ഡര്‍ ഗവാസ്‌കറിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 14 മുതല്‍ 18 വരെ ഗബ്ബയിലാണ് അരങ്ങേറുക.

മൂന്നാം ടെസ്റ്റില്‍ വമ്പന്‍ റെക്കോഡ് ലക്ഷ്യം വെച്ചാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിനും ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണും കളത്തിലിറങ്ങുക. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബൈലാട്രല്‍ ടെസ്റ്റ് പരമ്പരയുടെ ചരിത്രത്തില്‍ 120 വിക്കറ്റ് നേടുന്ന ആദ്യ ബൗളറാകാനാണ് ഇരുവര്‍ക്കുമുള്ള അവസരം.

ഈ നേട്ടത്തിലെത്താന്‍ അശ്വിന് അഞ്ച് വിക്കറ്റ് വേണം. എന്നാല്‍ ഓസീസ് സ്പിന്നര്‍ക്ക് വേണ്ടത് വെറും രണ്ട് വിക്കറ്റാണ്. നിലവില്‍ നഥാന്‍ ലിയോണ്‍ 118 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 115 വിക്കറ്റുകളുമായി അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം ടെസ്റ്റില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാലും വെറും രണ്ട് വിക്കറ്റ് വീഴ്ത്തി റെക്കോഡ് സ്വന്തമാക്കാന്‍ ഏറെ സാധ്യതയുള്ളത് നഥാനാണ്.

കഴിഞ്ഞ ടെസ്റ്റില്‍ 18 ഓവറില്‍ നിന്നും വെറും ഒരു വിക്കറ്റ് മാത്രമാണ് അശ്വിന് വീഴ്ത്താന്‍ സാധിച്ചത്. മികച്ച പ്രകടനം നടത്താത്തതും ഓള്‍ റൗണ്ടര്‍ മികവ് പുലര്‍ത്താത്തതും താരത്തിന് തിരിച്ചടിയായേക്കും. അശ്വിന് പകരം വാഷിങ്ടണ്‍ സുന്ദറിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ കളത്തിലേക്കിറങ്ങുക.

രണ്ടാം ടെസ്റ്റിലെ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ വേഗത്തില്‍ പുറത്താക്കിയത് ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മിന്നും പ്രകടനമാണ്. കെ.എല്‍ രാഹുല്‍ (7), രോഹിത് ശര്‍മ (6), നിതീഷ് കുമാര്‍ റെഡ്ഡി (42), ആര്‍. അശ്വിന്‍ (7), ഹര്‍ഷിത് റാണ (0), എന്നിവരെയാണ് കമ്മിന്‍സ് കൂടാരത്തിലേക്ക് പറഞ്ഞയച്ചത്.

 

Content Highlight: R. Ashwin And Nathan Lyon Have Chance To Script New Record In Third Test In Border Gavaskar Trophy