Advertisement
Sports News
ആ മത്സരം ജയിക്കണമെന്ന് അയാള്‍ക്കൊരു ആഗ്രഹവുമില്ലായിരുന്നു; രവി ശാസ്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അശ്വിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 05, 05:18 am
Sunday, 5th June 2022, 10:48 am

ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വിജയമായാണ് ഗാബാ ടെസ്റ്റ് കണക്കാക്കപ്പെടുന്നത്. 2020-21ല്‍ നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടെസ്റ്റ് സീരീസില്‍, ഓസീസ് മണ്ണില്‍, ഓസ്‌ട്രേലിയയുടെ ഭാഗ്യഗ്രൗണ്ടായ ഗാബ പിടിച്ചടിക്കിയാണ് ഇന്ത്യന്‍ ടീം വിജയമാഘോഷിച്ചത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ പ്രതിസന്ധികളെയെല്ലാം മറികടന്നായിരുന്നു ഇന്ത്യന്‍ ടീം ഗാബ ടെസ്റ്റ് വിജയിച്ചത്. അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ കരുത്തിലായിരുന്നു ഇന്ത്യ വിജയം നേടിയത്.

1-1 എന്ന നിലയിലായിരുന്നു ഇന്ത്യ ഗാബയിലേക്ക് ഇറങ്ങിത്തിരിച്ചത്. ഓസീസിന്റെ കോട്ടയായ, 1988 മുതലിങ്ങോട്ട് ഒരിക്കലും തോല്‍ക്കാതിരുന്ന ഗാബയിലെ മത്സരത്തിന് മുമ്പ് തന്നെ ഓസീസ് പട വിജയം ഉറപ്പിച്ചിരുന്നു.

എന്നാല്‍ റിഷബ് പന്തും (89) ശുഭ്മന്‍ ഗില്ലും (91) പൂജാരയും (56) വാഷിംഗ്ടണ്‍ സുന്ദറും (22) കളം നിറഞ്ഞാടിയതോടെ ഇന്ത്യ ഗാബ പിടിച്ചടിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പം ഇന്ത്യയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു താരമായിരുന്നു ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. അന്നത്തെ ഇന്ത്യന്‍ ടീമിന്റെ കോച്ചായ രവി ശാസ്ത്രി ടെസ്റ്റിന്റെ സമയത്ത് സ്വീകരിച്ച നിലപാടിനെ കുറിച്ച് പറയുകയാണ് അശ്വിന്‍.

സ്‌പോര്‍ട്‌സ് യാരിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞിരുന്നത്.

ഗാബയില്‍ മത്സരം സമനിലയില്‍ അവസാനിപ്പിക്കാനായിരുന്നു ശാസ്ത്രി ഒരുങ്ങിയതെന്നും എന്നാല്‍ ജയിക്കണോ അതോ സമനില പിടിക്കണമോ എന്ന കണ്‍ഫ്യൂഷനിലായിരുന്നു സ്‌ക്വാഡ് മുഴുവനുമെന്നും പറയുകയാണ് അശ്വിന്‍.

‘രവി ശാസ്ത്രിക്ക് ഒരു സമനിലയായിരുന്നു വേണ്ടത്. പക്ഷേ ഞങ്ങളെല്ലാവരും മറ്റൊരു തീരുമാനത്തിലായിരുന്നു. റിഷബ് അവന്റെ സ്വതസിദ്ധമായ രീതിയില്‍ കളിച്ചുകൊണ്ടേയിരുന്നു.

എന്നാല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ 20 റണ്‍സടിച്ചതോടെ എല്ലാ പ്ലാനും മാറിമറിഞ്ഞു. അവന്‍ മികച്ച രീതിയിലാണ് ടീമിന് സംഭാവന നല്‍കിയത്, അശ്വിന്‍ പറഞ്ഞു.

12 വിക്കറ്റായിരുന്നു അശ്വിന്‍ പരമ്പരയില്‍ നേടിയത്.

 

Content Highlight: R Ashwin about Ravi Shahstri’s  idea in Gabba test