മനോരമയുടെ സുരേഷ് ഗോപി വാര്‍ത്തക്ക് അന്‍വറിന്റെ മറുപടി; 'ചായ കുടിച്ച് എത്രയായി എന്ന് ചോദിച്ചു, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി'
Kerala News
മനോരമയുടെ സുരേഷ് ഗോപി വാര്‍ത്തക്ക് അന്‍വറിന്റെ മറുപടി; 'ചായ കുടിച്ച് എത്രയായി എന്ന് ചോദിച്ചു, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 9:29 pm

കോഴിക്കോട്: നടനും എം.പിയുമായ സുരേഷ് ഗോപി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നിന്ന് നെയ്മീന്‍ വാങ്ങിയത് മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയാക്കിയത് ഒരുപാട് ട്രോളുകള്‍ക്ക് ഇരയാകുന്നുണ്ട്.

‘നെയ്മീനെന്താ വില?; ആറരക്കിലോ വാങ്ങി; പണം സ്വന്തം പോക്കറ്റില്‍ നിന്ന്; വിഡിയോ,’ എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളായി പ്രചരിക്കുന്നത്.

ഈ സംഭവത്തെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പരിഹസിക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. ചായ കുടിക്കുന്ന ചിത്രത്തോടൊപ്പം ‘എത്രയായി എന്ന് ചോദിച്ച്, ഞാന്‍ തന്നെ പോക്കറ്റില്‍ നിന്ന് എട്ട് രൂപ എടുത്ത് നല്‍കി’ എന്നാണ് അന്‍വര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മനോരമ ഓണ്‍ലൈനിനെ മെന്‍ഷെന്‍ ചെയ്തായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

‘അടുത്തിടെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ കൊല്ലം ബൈപ്പാസിലെ ഒരു ചെറിയ ഹോട്ടലില്‍ നിന്ന് ചായ കുടിക്കുന്ന ഞാന്‍.. എത്രയായി എന്ന് ചോദിച്ച്, ഞാന്‍ തന്നെ എന്റെ പോക്കറ്റില്‍ നിന്ന് 8 രൂപ എടുത്ത് നല്‍കുകയുണ്ടായി!,’ എന്നാണ് അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതിയത്.

അതേസമയം, ശക്തന്‍ മാര്‍ക്കറ്റില്‍ എം.പി ഫണ്ടില്‍ നിന്നുള്ള ഒരു കോടി രൂപ ഉപയോഗിച്ച് ചെയ്യുന്ന നവീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കാനായിരുന്നു സുരേഷ് ഗോപി അവിടെയെത്തിയത്.

മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ മീന്‍മാര്‍ക്കറ്റില്‍ എത്തിയ അദ്ദേഹം വില ചോദിച്ച് മീന്‍ വാങ്ങുകയും ചെയ്തതായിരുന്നു മനോരമ അടക്കമുള്ള പോര്‍ട്ടലുകള്‍ വാര്‍ത്തയാക്കിയിരുന്നത്.

ശക്തന്‍ മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാര്‍ക്കറ്റ് നവീകരണത്തിന് പണം നല്‍കുമെന്നായിരുന്ന അദ്ദേഹം പറഞ്ഞിരുന്നത്.

ട്രോളുകള്‍ക്ക് കാരണമായ മനോരമ വാര്‍ത്തയിലെ ഭാഗം

‘മീനിന്റെ വില ചോദിച്ചതും സുരേഷേട്ടാ ഇങ്ങോട്ട് വായോ എന്ന് കച്ചവടക്കാരുടെ മത്സരവിളി. പിന്നാലെ ഒരു കച്ചവടക്കാരന്റെ സമീപമെത്തി മീനുകളുടെ പേരും വിലയും ചോദിച്ചു. നെയ്മീന്‍ വാങ്ങാനും തീരുമാനിച്ചു. ആറരകിലോയാളം തൂക്കം വരുന്ന മീനാണ് അദ്ദേഹം വാങ്ങിയത്.

മൂവായിരം രൂപയ്ക്ക് അടുത്ത് വിലയും പറഞ്ഞു. പോക്കറ്റില്‍ നിന്നും കാശെടുത്ത ശേഷം പറഞ്ഞതിലും കൂടുതല്‍ തുക നല്‍കിയ ശേഷം ബാക്കി പണംകൊണ്ട് മറ്റുള്ളവര്‍ക്കെന്തെങ്കിലും വാങ്ങി നല്‍കാനും സുരേഷ് ഗോപി നിര്‍ദേശിച്ചു.’

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  PV Anvar trolled  Suresh Gopi buys fish  from Thrissur Shaktan Market Manorama Online