സാമന്തയുടെ 'ഊ ആണ്ടവ'ക്ക് ശേഷം പുഷ്പ 2 ല്‍ തകര്‍പ്പന്‍ ഡാന്‍സുമായി മറ്റൊരു താരറാണി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
Entertainment
സാമന്തയുടെ 'ഊ ആണ്ടവ'ക്ക് ശേഷം പുഷ്പ 2 ല്‍ തകര്‍പ്പന്‍ ഡാന്‍സുമായി മറ്റൊരു താരറാണി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th November 2024, 12:40 pm

സിനിമാപ്രമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍-സുകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ തുടര്‍ച്ചയാണ്. പുഷ്പ എന്ന സാധാരണക്കാരന്‍ ആന്ധ്രയിലെ ചന്ദനക്കടത്ത് സിന്‍ഡിക്കേറ്റിന്റെ തലവനാകുന്നതാണ് ചിത്രത്തിന്റെ കഥ. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായി ഫഹദ് ഫാസിലാണ് എത്തിയത്.

പുഷ്പയുടെ ആദ്യ ഭാഗത്തില്‍ ഏറ്റവും വലിയ ഹിറ്റ് എലമെന്റായിരുന്നു സാമന്ത അവതരിപ്പിച്ച ‘ഊ ആണ്ടവ’ എന്ന ഡാന്‍സ് നമ്പര്‍. യൂട്യൂബില്‍ 445 മില്യണിലേറെയാണ് തെലുങ്ക് ഗാനത്തിന്റെ ഇതുവരെയുള്ള കാഴ്ച്ചക്കാര്‍. മൊഴി മാറ്റിയ മറ്റുള്ള ഭാഷകളിലും കോടിക്കണക്കിനാണ് ഗാനത്തിന്റെ കാഴ്ച്ചക്കാര്‍. സിനിമയില്‍ ഈ ഗാനരംഗത്തില്‍ മാത്രമാണ് സാമന്ത പ്രത്യക്ഷപ്പെട്ടത്.

പുഷ്പ 2വിലും ഇതുപോലൊരു ഗാനരംഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നു. സാമന്ത തന്നെയാകുമോ അതോ മറ്റ് താര സുന്ദരികള്‍ ആയിരിക്കുമോ എത്തുകയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. മോളിവുഡ് മുതല്‍ ബോളിവുഡ് വരെയുള്ള പല നടിമാരുടെ പേരുകളും ഊഹാപോഹങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഗാന രംഗത്തെത്തുന്ന താരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം( ഞായറാഴ്ച) പുഷ്പയുടെ ഒഫീഷ്യല്‍ എക്‌സ് അക്കൗണ്ടിലൂടെ ശ്രീലീല ആയിരിക്കും ചിത്രത്തിലെ പാട്ട് സീനില്‍ എത്തുകയെന്ന് അറിയിച്ചിരിക്കുന്നത്. ‘A feast for the eyes like you’ve never seen before!
A celebration of pure energy.
#Kissik Song of the Year.
#Pushpa2TheRule
#Pushpa2TheRuleOnDec5th.’ എന്ന അടിക്കുറുപ്പോടെയാണ് ശ്രീലീലയെ ഇന്‍ട്രൊഡ്യൂസ് ചെയ്തുകൊണ്ടുള്ള പോസ്റ്റ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചത്. കിസ്സിക് എന്നാണ് പാട്ടിന്റെ പേര്.

ഒഫീഷ്യല്‍ അനൗണ്‍സ്മെന്റ് വന്നതിന് ശേഷം ശ്രീലീലയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ‘ശ്രീലീലയ്ക്ക് നൃത്തം ചെയ്യാന്‍ കഴിയുമെന്നതില്‍ ആര്‍ക്കും സംശയമില്ല, എന്നാല്‍ സാമന്തയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് പോലെ ശ്രീലീലക്ക് ഉണ്ടാകില്ല, സാമന്തയാണ് അടിപൊളി’ തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ഡിസംബര്‍ 5നാണ് പുഷ്പ 2 തിയേറ്ററുകളിലേക്കെത്തുക.

Content Highlight: Pushpa 2 The Rule to feature special number with Sreeleela