തോന്നിയ പോലെ ഷെഡ്യൂളുകളും തിരുത്തലും, താടിയെടുത്ത് ട്രിപ്പിന് പോയി അല്ലു അര്‍ജുന്‍, പുഷ്പ 2 ഷൂട്ട് വീണ്ടും മുടങ്ങി?
Film News
തോന്നിയ പോലെ ഷെഡ്യൂളുകളും തിരുത്തലും, താടിയെടുത്ത് ട്രിപ്പിന് പോയി അല്ലു അര്‍ജുന്‍, പുഷ്പ 2 ഷൂട്ട് വീണ്ടും മുടങ്ങി?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th July 2024, 5:20 pm

ഇന്ത്യന്‍ സിനിമ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാറാണ്. 2021ല്‍ പുറത്തിറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ഷൂട്ടിനൊടുവില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ട് നീണ്ടുപോയതിനാല്‍ ഡിസംബറിലേക്ക് നീട്ടിവെക്കുകയായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. അല്ലു അര്‍ജുനും സംവിധായകനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായെന്നും അതിനെത്തുടര്‍ന്ന് ഷൂട്ട് നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ തനിക്ക് വേണ്ടി മൂന്ന് യൂണിറ്റ് ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന്റെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അല്ലുവിന്റെ ആവശ്യം സംവിധായകന്‍ നിരസിച്ചുവെന്നും ഇതേത്തുടര്‍ന്ന് അല്ലു തന്റെ താടി ട്രിം ചെയ്ത് കുടുംബത്തോടെ വിനോദയാത്ര പോവുകയും ചെയ്തു. യാത്രക്കിടയിലുള്ള അല്ലുവിന്റെ ചിത്രങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. യാത്ര കഴിഞ്ഞ് അല്ലു നാട്ടിലെത്തിയപ്പോള്‍ സംവിധായകന്‍ യു.എസിലേക്ക് പോവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഷൂട്ട് അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആദ്യമായല്ല ചിത്രത്തിന്റെ ഷൂട്ട് മുടങ്ങുന്നത്. ചിത്രത്തില്‍ അല്ലുവിന്റെ വലംകൈയായ കേശവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ് പ്രതാപിനെതിരെ പൊലീസ് കേസ് വന്നതുകൊണ്ട് ഈ വര്‍ഷം ആദ്യം ഷൂട്ട് മുടങ്ങിയിരുന്നു. പരസ്യമായി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയതിനാണ് തെലങ്കാന പൊലീസ് കേസെടുത്തത്.

എന്നാല്‍ റിലീസിന് അഞ്ച് മാസം ബാക്കിയുള്ളപ്പോള്‍ തന്നെ റെക്കോഡ് പ്രീ സെയിലാണ് പുഷ്പ 2 നടത്തിയത്. ഡിജിറ്റല്‍ റൈറ്റ്‌സും, തിയേറ്റര്‍ റൈറ്റ്‌സും കൊണ്ട് മാത്രം 400 കോടിക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടിക്കഴിഞ്ഞു. 200 കോടിക്കാണ് നോര്‍ത്ത് ഇന്ത്യന്‍ റൈറ്റ്‌സ് വിറ്റുപോയത്. ഒരു തെലുങ്ക് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന തുകയാണ് ഇത്.

Content Highlight: Pushpa 2 shoot delayed due to issues between Allu Arjun and Sukumar