ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് അഭിപ്രായ സര്‍വേ ഫലം. എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേയിലാണ് ആം ആദ്മി പഞ്ചാബ് ഭരണം പിടിക്കുമെന്ന് പറയുന്നത്.
പഞ്ചാബില്‍ കോണ്‍ഗ്രസാണ് നിലവില്‍ ഭരിക്കുന്നത്. ആം ആദ്മിയാണ് മുഖ്യ പ്രതിപക്ഷം.
117 സീറ്റുകളുള്ള പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി 51 മുതല്‍ 57 വരെ സീറ്റുകള്‍ നേടമെന്നാണ് പ്രവചനം. ഭരണകക്ഷിയായ കോണ്‍ഗ്രസ് 38 മുതല്‍ 46 സീറ്റുകളുമായി രണ്ടാം സ്ഥാനത്ത് എത്തും.
ശിരോമണി അകാലിദള്‍ 16-24 സീറ്റുകളും ബി.ജെ.പിക്ക് പൂജ്യം മുതല്‍ ഒരു സീറ്റ് വരെയും മാത്രമാണ് ലഭിക്കുക എന്നാണ് സര്‍വേ ഫലം പറയുന്നത്. സി വോട്ടര്‍ സര്‍വേ പ്രകാരം ആം ആദ്മിയുടെ വോട്ട് വിഹിതം 35.1 ശതമാനവും കോണ്‍ഗ്രസിന് 28.8 ശതമാനവും ശിരോമണി അകാലിദളിന് 21.8 ശതമാനവും ബി.ജെ.പിയുടേത് 7.3 ശതമാനവും ആയിരിക്കും.
ജനങ്ങള്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി ആര് എന്നുള്ള ചോദ്യത്തിന് 18 ശതമാനം ആളുകള്‍ നിലവിലെ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുമ്പോള്‍ 22 ശതമാനം പേരും അരവിന്ദ് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത്.
19 ശതമാനം പേര്‍ക്ക് സുഖ്ബീര്‍ ബാദലിനെയും 16 ശതമാനം ഭഗവന്ത് മാനിനെയും 15 ശതമാനം നവജ്യോത് സിംഗ് സിദ്ദുവിനെയും മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ട്.
2022 ലാണ് പഞ്ചാബ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് 77 സീറ്റും ആം ആദ്മിയ്ക്ക് 20 സീറ്റും ശിരോമണി അകാലിദളിന് 15 സീറ്റുമാണുള്ളത്. ബി.ജെ.പിയ്ക്ക് മൂന്ന് സീറ്റാണുള്ളത്.