തിരുവനന്തപുരം: ഗ്രൂപ്പിസം കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുമെന്ന് തിരിച്ചറിഞ്ഞതിനാലാണ് അതില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് എം.എല്‍.എ പി ടി തോമസ്. 2009 വരെ ശക്തമായ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആളാണ് താനെന്നും പി.ടി തോമസ് പറഞ്ഞു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി. ഡി സതീശനെ അഭിനന്ദിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതിനെ തലമുറ മാറ്റമെന്ന് വിശേഷിപ്പിക്കാം. വി.ഡി സതീശനെ നിയമിച്ചത് സ്വാഗതാര്‍ഹമാണെന്നും കോണ്‍ഗ്രസിലും യു.ഡി.എഫിലും ഒരു പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘അഭിപ്രായ രൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിനെ തമലമുറ മാറ്റമെന്ന് വേണമെങ്കില്‍ പറയാം. ഹൈക്കമാന്ഡാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. കോണ്‍ഗ്രസിലും യു.ഡി.എഫിലും പൊഴിച്ചെഴുത്തിന് സാധ്യതയുണ്ട്. സതീശനെ നിയമിച്ചത് സ്വാഗതാര്‍ഹമായ നടപടിയാണ്,’ പി. ടി തോമസ് പറഞ്ഞു.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ തന്റെ ഓരോ പ്രവര്‍ത്തന മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശന്‍. നിയമസഭയ്ക്കകത്തും പുറത്തും മികച്ച പ്രവര്‍ത്തന പരിചയമുള്ളയാളാണ്. ഗ്രൂപ്പിനതീതനായി പ്രവര്‍ത്തിക്കുമെന്ന് സതീശന്‍ തെളിയിക്കണമെന്നും പി. ടി തോമസ് പറഞ്ഞു.
‘കേരളത്തില്‍ ഏറ്റവും ശക്തമായ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഞാന്‍. എന്നാല്‍ 2009 മുതല്‍ തനിക്ക് അത്തരമൊരു പ്രവര്‍ത്തനമില്ല. ഗ്രൂപ്പിസം പാര്‍ട്ടിയെ വലിയ കുഴപ്പത്തിലേക്ക് നയിക്കുമെന്ന വിശ്വാസത്തിലാണ് പിന്മാറിയത്. ഗ്രൂപ്പുകള്‍ക്കതീതമായാണ് നില്‍ക്കുന്നതെന്ന് സതീശന്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമാണ്. അപ്പോള്‍ മാത്രമേ നമുക്കതിനെ വിലയിരുത്താനാകൂ,’ പിടി തോമസ് പറഞ്ഞു.
ഗ്രൂപ്പുകള്‍ക്കതീതമായി പ്രവര്‍ത്തിക്കാനും നിലപാടില്‍ ഉറച്ച് നില്‍ക്കാനും സാധിച്ചാല്‍ നല്ലൊരു പ്രതിപക്ഷ നേതാവായി സതീശന്‍ മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്നും മികച്ച പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നുമാണ് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞത്.