പി.എസ്.സി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് പല വെബ്‌സൈറ്റുകളില്‍ നിന്ന് കോപ്പിയടിച്ച്; തെളിവുകള്‍ സഹിതം ഉദ്യോഗാർത്ഥികളുടെ പരാതി
Governance and corruption
പി.എസ്.സി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് പല വെബ്‌സൈറ്റുകളില്‍ നിന്ന് കോപ്പിയടിച്ച്; തെളിവുകള്‍ സഹിതം ഉദ്യോഗാർത്ഥികളുടെ പരാതി
ഷാരോണ്‍ പ്രദീപ്‌
Saturday, 29th September 2018, 1:58 pm

കേരളത്തിലെ തൊഴില്‍ അന്വേഷകരുടെ ഏറ്റവും വലിയ സ്വപ്നമാണ് കേരള സര്‍ക്കാര്‍ നടത്തുന്ന പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍. ലക്ഷക്കണക്കിന് പേരാണ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ എഴുതുകയും, തൊഴില്‍ ലഭിക്കാന്‍ കാത്തിരിക്കുകയും ചെയ്യുന്നത്.

എന്നാല്‍ ഉദ്യോഗാര്‍ത്ഥികളോട് നീതി പുലര്‍ത്താന്‍ പലപ്പോഴും പി.എസ്.സി തയ്യാറാവുന്നില്ല. ലിസ്റ്റുകള്‍ പലതും അസാധുവാക്കിയും, നിലവാരമില്ലാത്ത ചോദ്യങ്ങളിട്ടും പി.എസ്.സി പലപ്പോഴും തൊഴില്‍ അന്വേഷകരെ വലയ്ക്കുന്നു.

ഇതിന്റെ ഏറ്റവും പുതിയ നേര്‍ചിത്രമാണ് ഈ മാസം 13-ാം തീയ്യതി നടന്ന ലക്ചര്‍ ജേര്‍ണലിസം പി.എസ്.സി പരീക്ഷ (കാറ്റഗറി നമ്പര്‍ 562/2017). വളരെ ഗൗരവകരമായ പിശകുകളാണ് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്.

ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇന്റര്‍നെറ്റിലെ ചില വെബ്‌സൈറ്റുകളില്‍ നിന്ന് പി.എസ്.സി അതുപോലെ പകര്‍ത്തുകയായിരുന്നു. സ്വകാര്യ ക്വിസ് കൂട്ടായ്മ വെബ്‌സൈറ്റുകളില്‍ നിന്നാണ് പി.എസ്.സി ഇങ്ങനെ ചോദ്യക്രമം പോലും മാറ്റാതെ ചോദ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ടുകള്‍ ഉദ്യോഗാര്‍ത്ഥികളുടെ കൂട്ടായ്മ തന്നെ കണ്ടെത്തിയിട്ടുണ്ട്.


ALSO READ: പാക് ഇന്റലിജന്‍സ് ഏജന്‍സിയുമായി മോദിയും അമിത് ഷായും “വിശാല സഖ്യ”ത്തിലെന്ന് കോണ്‍ഗ്രസ്; പത്താന്‍കോട്ടിലേക്ക് ഐ.എസ്.ഐയെ “ക്ഷണിച്ചുവരുത്തി”യെന്നും ആരോപണം


Profsquiz.com, quizlet.com തൂടങ്ങിയ വെബ്‌സൈറ്റുകളില്‍ നിന്നുമാണ് പി.എസ്.സി ഈ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ പകര്‍ത്തിയത്. വെബ്‌സൈറ്റില്‍ ചോദ്യങ്ങള്‍ക്ക് നല്‍കിയ ക്രമനമ്പര്‍ പോലും മാറ്റാന്‍ ചോദ്യകര്‍ത്താവ് തയ്യാറായിട്ടില്ല. ഇതിന് പുറമേ അക്ഷരപിശകുകളും, വ്യാകരണപിശകുകളും ലെക്ചര്‍ ഇന്‍ ജേര്‍ണലിസം പരീക്ഷ ചോദ്യപേപ്പറില്‍ ഉണ്ട്. പരീക്ഷ ഒട്ടും നിലവാരം പുലര്‍ത്തിയില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നുണ്ട്. പരീക്ഷയിലെ 24,25,27,28,29,30,31,33,34,35,36,37 എന്നീ ചോദ്യങ്ങളും, 38 മുതല്‍ 60 വരെ ചോദ്യങ്ങളും, 92 മുതല്‍ 100 വരെയുള്ള ചോദ്യങ്ങളുമാണ് വെബ്‌സൈറ്റുകളില്‍ നിന്നും പകര്‍ത്തിയിരിക്കുന്നതായി ഉദ്യോഗാര്‍ത്ഥികള്‍ കണ്ടെത്തിയിരിക്കുന്നത്. 7,21,22,28,44,51,61 തുടങ്ങിയ ചോദ്യങ്ങളില്‍ പിശകുള്ളതായും ഇവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.



പി.എസ്.സി ചോദ്യപേപ്പര്‍ തയ്യാറാക്കല്‍ നടത്തുന്നത് ഗ്രൂപ്പ് ഡിസ്‌കഷനുകളുടെ അടിസ്ഥാനത്തില്‍ പി.എസ്.സി പാനലിലുള്ള നാലോ അഞ്ചോപേര്‍ ചേര്‍ന്നാണ്. ചോദ്യകര്‍ത്താക്കള്‍ ആരാണെന്ന് പാനലിന് പുറത്ത് ആരും അറിയില്ല എന്നാണ് പി.എസ്.സി നല്‍കുന്ന ഔദ്യോഗിക വിശദീകരണം. ചോദ്യകര്‍ത്താവില്‍ നിന്ന് നേരിട്ട് ഉദ്യോഗാര്‍ത്ഥികളുടെ കയ്യിലേക്കാണ് ചോദ്യപേപ്പര്‍ എത്തുന്നത് എന്നും പി.എസ്.സി പറയുന്നുണ്ട്. എന്നാല്‍ ഗൈഡുകളില്‍ നിന്നും, വെബ്‌സൈറ്റുകളില്‍ നിന്നും ചോദ്യങ്ങള്‍ പകര്‍ത്തരുത് എന്ന നിര്‍ദേശം മുന്നോട്ട് വെയ്ക്കാന്‍ സാധിക്കില്ലെന്നാണ് പി.എസ്.സിയുടെ പക്ഷം. എന്നാല്‍ ഗൈഡുകളും വെബ്‌സൈറ്റുകളും അതേപടി പകര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ലക്ചര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയിലും സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷം മുമ്പുള്ള ഒരു ബ്ലോഗില്‍ നിന്ന് ചോദ്യങ്ങള്‍ പകര്‍ത്തി എന്നായിരുന്നു ആരോപണം. 75 ഓളം ചോദ്യങ്ങളാണ് അന്ന് ഈ ബ്ലോഗില്‍ നിന്നും പകര്‍ത്തിയത്.

ലെക്ചര്‍ ഇന്‍ ജേര്‍ണലിസം പരീക്ഷ സംബന്ധിച്ച വിശദമായി പരാതി ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചുണ്ട്. കോപ്പി ചെയ്ത ചോദ്യങ്ങളുടെ വിവരങ്ങളും, പിശകുകളുള്ള ചോദ്യങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയിരിക്കുന്ന വിശദമായ പരാതി.

ഇത്തരം അശാസ്ത്രീയ പ്രവണതകള്‍ പി.എസ്.സി പരീക്ഷ ചോദ്യപേപ്പര്‍ നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ അവസാനിപ്പിക്കേണ്ടതുണ്ട്. വിഷയത്തില്‍ പി.എസ്.സി ചെയര്‍മാന്‍ ഉടന്‍ ഇടപെടും എന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. തുടരന്വേഷണങ്ങളോടും, നടപടികളോടും പൂര്‍ണ്ണമായും സഹകരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.  ഇത്തരത്തില്‍ ഉത്തരവാദിത്ത്വം ഇല്ലാതെ തയ്യാറാക്കുന്ന ചോദ്യപേപ്പറുകള്‍ ചോര്‍ന്നിട്ടില്ല എന്ന് എങ്ങനെ വിശ്വസിക്കുമെന്നും പരാതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നു.

 

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍