ജയ്പൂര്‍: മധ്യപ്രദേശില്‍ പതിനൊന്നാം നൂറ്റാണ്ടിലെ മസ്ജിദ് സമുച്ചയത്തില്‍ ഖനനം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധം. കറുത്ത ബാന്‍ഡ് ധരിച്ച് നിസ്‌കരിച്ചാണ് മുസ്‌ലിം സമുദായ നേതാക്കള്‍ ഖനനത്തിനെതിരെ പ്രതിഷേധിച്ചത്. ധാര്‍ ജില്ലയിലെ ഭോജ്ശാലയിലാണ് സംഭവം.
ഖനനം നടത്തുന്നത് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ 64 ദിവസമായി എ.എസ്.ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) സ്ഥലത്ത് സര്‍വേ നടത്തിവരികയാണ്.
ഭോജ്ശാല സമുച്ചയം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സരസ്വതി ക്ഷേത്രമായിരുന്നുവെന്ന് അടുത്തിടെയായി ഏതാനും ഹിന്ദുത്വ സംഘടനകള്‍ വാദമുയര്‍ത്തിയിരുന്നു. എന്നാല്‍ ഈ സമുച്ചയത്തെ മുസ്‌ലിം സമുദായക്കാര്‍ വര്‍ഷങ്ങളായി കമല്‍ മൗല മസ്ജിദ് എന്ന് വിശേഷിപ്പിക്കുകയും അവിടെ ആരാധന നടത്തുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
‘ഭോജ്ശാലയില്‍ ഖനനം നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും എ.എസ്.ഐ മസ്ജിദിന്റെ ഭിത്തികള്‍ തുരന്ന് സമുച്ചയത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് ഞങ്ങള്‍ ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്,’ കമല്‍ മൗല മസ്ജിദ് ഉദ്യോഗസ്ഥന്‍ സുല്‍ഫിക്കര്‍ പത്താന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങള്‍ നിശബ്ദ പ്രതിഷേധം നടത്തുകയാണെന്നും എന്നാല്‍ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും പത്താന്‍ പറഞ്ഞു. എ.എസ്.ഐ നടത്തുന്ന സര്‍വേയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ കറുത്ത ബാന്‍ഡ് ധരിച്ച് പ്രതിഷേധിക്കുമെന്ന് സമുദായ നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം മുസ്‌ലിം സമുദായ നേതാക്കള്‍ കോടതി നിര്‍ദേശത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ഹിന്ദുത്വ നേതാവായ അഭിഭാഷകന്‍ ശ്രീഷ് ദുബെ പറഞ്ഞു.
ഏപ്രിലില്‍ ഭോജ്ശാല സമുച്ചയത്തിന്റെ ശാസ്ത്രീയ സര്‍വേ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കാന്‍ കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സ്ഥലത്തിന്റെ സ്വാഭാവിക ഘടനയില്‍ മാറ്റം വരുത്തുന്ന രീതിയില്‍ ഭൗതിക ഖനനം നടത്തരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
Content Highlight: Protests over alleged excavation of 11th century mosque complex in Madhya Pradesh