തിരുവനന്തപുരം: എമ്പുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ബജ്‌റംഗി എന്ന പേര് മാറ്റി ബല്‍ദേവ് എന്നാക്കിയതില്‍ പ്രതികരിച്ച് എം.എല്‍.എ ടി.സിദ്ദിഖ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവെന്നും എന്നാല്‍ ഈ പേര് ചേര്‍ത്തതില്‍ എതിര്‍പ്പുമായി വരാന്‍ തങ്ങളില്ലെന്നും ടി.സിദ്ദിഖ് പറഞ്ഞു.
അത്തരമൊരു നേതാവിന്റെ പേര് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കാണിക്കുന്നത് ശരിയല്ലെന്ന വാദമുയര്‍ത്തി തങ്ങള്‍ എതിര്‍ക്കുന്നില്ലെന്നും പേരുപയോഗിക്കുന്നതൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണെന്നും ടി.സിദ്ദിഖ് പറഞ്ഞു.
സംഘപരിവാറിന്റെ ഭീഷണിയില്‍ പേര് മാറ്റാനുള്ള നടപടിയെടുത്തത് ശരിയാണോയെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുട്ടികള്‍ പഠിക്കുന്ന മന്ത്രിയുടെ പേര് ഉപയോഗിക്കാമെന്നും രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേര് പാടില്ലെന്നും പറയുന്നിടത്താണ് ഇന്നത്തെ ഇന്ത്യയും സെന്‍സര്‍ബോഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എമ്പുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ”ബജ്‌റംഗി” എന്ന പേര് മാറ്റി ”ബല്‍ദേവ്” എന്നാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവ് സിങ്. അദ്ദേഹത്തിന്റെ പേര് ഈ സിനിമയില്‍ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലം കാണിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ശരിയല്ല എന്ന വാദമുയര്‍ത്തി സിനിമയെ എതിര്‍ക്കാന്‍ ഞങ്ങളില്ല…
ഏത് പേര് ഉപയോഗിക്കണമെന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമാണ്. അത് അവര്‍ ഉപയോഗിക്കട്ടെ..! എന്നാല്‍ സംഘ്പരിവാറിന്റെ ഭീഷണിയില്‍ ഒരു വില്ലന്റെ പേര് മാറ്റുന്നത് ശരിയാണോ എന്ന് അവര്‍ ആലോചിക്കണം.
കുട്ടികള്‍ പഠിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രിയുടെ പേരാവാം, എന്നാല്‍ രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേരാവാന്‍ പാടില്ല. അതാണ് ഇന്നത്തെ ഇന്ത്യ… സെന്‍സര്‍ബോര്‍ഡ്, ടി.സിദ്ദിഖ് കുറിച്ചു.
Content Highlight: Children can be named after the minister they study with, but not after the country’s worst rebel; T. Siddique on Empuran controversy