ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ വിജയം. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.
Finished the game off in style! 💪 pic.twitter.com/obAaIqc74X
— Punjab Kings (@PunjabKingsIPL) April 8, 2025
ചെന്നൈക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഡെവോണ്‍ കോണ്‍വെ ആണ്. 49 പന്തില്‍ നിന്ന് 69 റണ്‍സാണ് താരം നേടിയത്. റിട്ടയേഡ് ഔട്ട് ആവുകയായിരുന്നു താരം. കോണ്‍വേക്ക് പുറമേ ഇംപാക്ട് പ്ലെയര്‍ ആയി വന്ന ശിവം ദുബെ 27 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. ഓപ്പണര്‍ രചിന്‍ രവീന്ദ്ര 23 പന്തില്‍ നിന്ന് 36 റണ്‍സ് നേടിയാണ് മടങ്ങിയത്. അഞ്ചാമനായി ക്രീസിലെത്തിയ എം.എസ്. ധോണി ടീമിനെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും 12 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 27 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ധോണിക്ക് കൂട്ടായിരുന്നു ജഡേജ ഒമ്പത് റണ്‍സിനും മടങ്ങി.
പഞ്ചാബിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റും യാഷ് താക്കൂര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ വമ്പന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്. 40 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്.
നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും, ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചിരിക്കുകയാണ്.
നൂര്‍ അഹമ്മദിന്റെ പന്തിലാണ് പ്രിയാന്‍ഷ് പുറത്തായത്. ശേഷം ശശാങ്കസിങ് 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ മാര്‍ക്കോ യാന്‍സന്‍ 19 പന്തില്‍ നിന്ന് 34 റണ്‍സും നേടി.
ടീം സ്‌കോര്‍ 17 റണ്‍സിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പൂജ്യം റണ്‍സിനാണ് മുകേഷ് ചൗധരി പറഞ്ഞയച്ചത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഖലീല്‍ അഹമ്മദിന്റെ ഇരയായി. ഒമ്പത് റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്.
മര്‍ക്കസ് സ്‌റ്റോയിനിസിനെ നാല് റണ്‍സിന് പുറത്താക്കി ഖലീല്‍ വീണ്ടും മികവ് പുലര്‍ത്തി. തുടര്‍ന്ന് നേഹല്‍ വധേരയെയും മാക്‌സ്‌വെല്ലിനെയും രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ പുറത്താക്കി ആര്‍. അശ്വിനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുകേഷ് ചൗധരി, നൂര്‍ അഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.
Content Highlight: IPL 2025: PBKS Won By 18 Runs Against CSK