മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് വിനയന്‍. മലയാളത്തില്‍ വ്യത്യസ്ത സിനിമകള്‍ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ സംവിധാനരംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറര്‍ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയന്‍ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകര്‍ക്ക് നല്‍കി.
ഇന്നും മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട വിനയന്‍ ചിത്രങ്ങളില്‍ ഒന്നാണ് വെള്ളിനക്ഷത്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ഈ സിനിമക്കായി ക്യാമറ ചലിപ്പിച്ചത് ഷാജി കുമാര്‍ ആയിരുന്നു. ഇപ്പോള്‍ താന്‍ വെള്ളിനക്ഷത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് ഷാജി.
രാജീവ് രവിക്ക് പകരമായിരുന്നു താന്‍ വന്നതെന്നും അന്ന് വിനയന്‍ തന്നോട് ‘നിനക്ക് അതിനുള്ള ധൈര്യമുണ്ടോ’യെന്ന് ചോദിച്ചുവെന്നും അദ്ദേഹം പറയുന്നു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി കുമാര്‍.
‘വിനയേട്ടന്റെ കൂടെ ഞാന്‍ കല്യാണസൗഗന്ധികം, മിസ്റ്റര്‍ ക്ലീന്‍ ഉള്‍പ്പെടെയുള്ള സിനിമകളില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തിരുന്നു. ആ സമയത്തേ വിനയേട്ടന് എന്നെ അറിയാമായിരുന്നു.
എന്നെ ഷാജിയെന്ന് പറഞ്ഞ് പേരെടുത്ത് വിളിക്കുന്ന ഒരു സംവിധായകനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഞാന്‍ കമല്‍ സാറിന്റെ ചക്രം എന്ന സിനിമയുടെ പൂജയ്ക്ക് വേണ്ടി ലാല്‍ മീഡിയയില്‍ പോയിരുന്നു.
അവിടെ വെച്ച് വിനയേട്ടന്‍ ‘പെട്ടെന്ന് ഇവിടെ വരെ ഒന്ന് വരുമോ’ എന്ന് ചോദിച്ച് എന്നെ വിളിക്കുകയായിരുന്നു. ലോഹിയേട്ടനോട് പറഞ്ഞിട്ട് ഞാന്‍ വിനയേട്ടന്റെ അടുത്തേക്ക് പോയി.
അവിടെ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. വെള്ളിനക്ഷത്രം എന്നാണ് അതിന്റെ പേര്. കുറേ സി.ജിയും കാര്യങ്ങളുമുള്ള ഒരു സിനിമയാണ്. രാജീവ് രവിയാണ് ഏറ്റിരുന്നത്. അദ്ദേഹത്തിന് ഇപ്പോള്‍ മറ്റേതോ ഒരു ഹിന്ദി പടം വന്നു’ എന്നായിരുന്നു.
നിനക്ക് അത് ചെയ്യാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ‘നിനക്ക് അതിനുള്ള ധൈര്യമുണ്ടോ’ എന്നായിരുന്നു വിനയേട്ടന്‍ പിന്നെ ചോദിച്ചത്. വിനയേട്ടന് എന്നെ വിശ്വാസമുണ്ടെങ്കില്‍ എനിക്ക് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് വെള്ളിനക്ഷത്രം എന്ന സിനിമ ചെയ്യുന്നത്,’ ഷാജി കുമാര്‍ പറയുന്നു.
Content Highlight: Cameraman Shaji Kumar Talks About Vinayan And Prithviraj Sukumaran’s Vellinakshatram Movie