Entertainment
ഒരു സീന്‍ 18 ടേക്ക് എടുക്കേണ്ടി വന്നാല്‍ ആ 18 ടേക്കിലും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന അസാധ്യ നടനാണ് അയാള്‍: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 04:41 pm
Tuesday, 1st April 2025, 10:11 pm

രഞ്ജിത് മലയാളസിനിമക്ക് സമ്മാനിച്ച നടനാണ് പൃഥ്വിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് വളരെ പെട്ടെന്ന് മലയാളത്തിലെ മുന്‍നിരയിലേക്കുയര്‍ന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചു. ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാനും പൃഥ്വിക്ക് സാധിച്ചു.

പൃഥ്വിരാജ് ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ലൂസിഫര്‍. 2019ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഇയര്‍ ടോപ്പറായിരുന്നു. ചിത്രത്തില്‍ വില്ലനായ ബോബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് താരം വിവേക് ഒബ്രോയ് ആയിരുന്നു. വിവേകിന്റെ മോളിവുഡ് എന്‍ട്രി കൂടിയായിരുന്നു ലൂസിഫര്‍.

വിവേക് ഒബ്രോയ്‌യെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. അസാധ്യ നടനാണ് വിവേകെന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു സീന്‍ 18 ടേക്ക് പോകേണ്ടി വന്നാല്‍ ആ 18 ടേക്കിലും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന നടനാണ് വിവേക് ഒബ്രോയ്‌യെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഓരോ ടേക്കും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പറ്റാത്ത വിധം പെര്‍ഫക്ടായിരിക്കുമെന്നും പൃഥ്വി പറഞ്ഞു.

ഒരു സീനില്‍ മഞ്ജു വാര്യറുടെ നോട്ടം ശരിയായില്ലെങ്കില്‍ അത് റീടേക്കെടുക്കേണ്ടി വരുമെന്നും മുമ്പത്തെ ടേക്കില്‍ എങ്ങനെയാണോ അതുപോലെ അടുത്ത ടേക്കിലും വിവേക് ഒബ്രോയ് പെര്‍ഫോം ചെയ്യുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. മറ്റുള്ള നടന്മാരുടെ കാര്യത്തില്‍ ചെറിയ വ്യത്യാസം കണ്ടുപിടിക്കാനാകുമെന്നും എന്നാല്‍ വിവേക് ഒബ്രോയ്‌യുടെ കാര്യത്തില്‍ അത് നടക്കില്ലെന്നും പൃഥ്വി പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘വിവേക് ഒബ്രോയ്, എന്തൊരു നടനാണ് അയാള്‍. ഇപ്പോള്‍ മറ്റ് ആര്‍ട്ടിസ്റ്റുകളുടെയും ക്രൂവിന്റെയുമൊക്കെ മിസ്‌റ്റേക്ക് കാരണം ഒരു സീന്‍ 18 ടേക്ക് പോകേണ്ടി വന്നു എന്ന് കരുതുക. ആ 18 ടേക്കിലും അയാളുടെ പെര്‍ഫോമന്‍സ് ഒരുപോലെ തന്നെയായിരിക്കും. അസാധ്യ നടനായതുകൊണ്ടാണ് അയാള്‍ക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്.

ഒരോ ടേക്കും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നമുക്ക് പറ്റില്ല. ഇപ്പോള്‍ ഉദാഹരണത്തിന് മഞ്ജു വാര്യറുടെ കൂടെയുള്ള സീനില്‍ മഞ്ജു വാര്യറുടെ നോട്ടത്തില്‍ മിസ്‌റ്റേക്ക് വന്നു. അതുകൊണ്ട് റീടേക്കിന് പോയി. ഈ മനുഷ്യന്‍ മുമ്പത്തെ ടേക്കില്‍ എന്താണോ ചെയ്തത് അത് അടുത്ത ടേക്കില്‍ തന്നിരിക്കും. മറ്റ് നടന്മാര്‍ക്കൊന്നും അത്ര പെര്‍ഫക്ടായി ചെയ്യാന്‍ സാധിക്കില്ല,’ പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj about the acting perfection of Vivek Oberoi in Lucifer