നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്‌കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍ സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, വിശാല്‍ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദര്‍ സിയാണ്.
ചില നടന്മാരില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുന്ദര്‍ സി. അധികം സ്റ്റാര്‍ വാല്യു ഇല്ലാതിരുന്ന ഒരു നടനെ വെച്ച് താന്‍ ഒരു സിനിമ ചെയ്‌തെന്നും അത് വലിയ ഹിറ്റായി മാറിയെന്നും സുന്ദര്‍ സി പറഞ്ഞു. ആ സിനിമക്ക് ശേഷം ആ നടന്റെ മാര്‍ക്കറ്റ് വാല്യു ഉയര്‍ന്നെന്നും കൂടുതല്‍ നിര്‍മാതാക്കള്‍ അയാളെ വെച്ച് സിനിമ ചെയ്യാന്‍ തയാറായെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷം തന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത ഒരാളുടെ സിനിമ താന്‍ നിര്‍മിക്കാന്‍ തയാറായെന്നും അതിലേക്ക് ആ നടനെ കാസ്റ്റ് ചെയ്‌തെന്നും സുന്ദര്‍ സി പറഞ്ഞു. എന്നാല്‍ ഇത്തവണ ഓരോ സീന്‍ വിവരിക്കുമ്പോഴും അയാള്‍ അതിനെയെല്ലാം ചോദ്യം ചെയ്‌തെന്നും അയാളുടേതായ നിര്‍ദേശങ്ങള്‍ തനിക്ക് തന്നെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
താന്‍ ഉദ്ദേശിച്ച രീതിയില്‍ ആ സിനിമ വരില്ലെന്ന് അതോടെ മനസിലായെന്ന് സുന്ദര്‍ സി പറഞ്ഞു. എന്നിരുന്നാലും തന്റെ അസിസ്റ്റന്റിന് വേണ്ടി ആ സിനിമ താന്‍ പൂര്‍ത്തിയാക്കിയെന്നും ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച റിസല്‍ട്ട് ആ സിനിമക്ക് ലഭിച്ചില്ലെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സുന്ദര്‍ സി ഇക്കാര്യം പറഞ്ഞത്.
‘തമിഴില്‍ അധികം സ്റ്റാര്‍ വാല്യു ഇല്ലാത്ത ഒരു നടനെ വെച്ച് ഞാന്‍ ഒരു പടം ഡയറക്ട് ചെയ്തു. കുറെ സിനിമകള്‍ അയാള്‍ ചെയ്തിട്ടുണ്ടെങ്കിലും അധികം ക്ലിക്കായിട്ടില്ലായിരുന്നു. എന്നാല്‍ ഞാന്‍ അയാളെ വെച്ച് സിനിമ വന്‍ ഹിറ്റായി. അയാളെ വെച്ച് സിനിമകള്‍ ചെയ്താല്‍ ഹിറ്റാകുമെന്ന് പല നിര്‍മാതാക്കള്‍ക്കും മനസിലായി.
പിന്നീട് കുറച്ചുകാലത്തിന് ശേഷം എന്റെ അസിസ്റ്റന്റിന് വേണ്ടി ഒരു പടം പ്രൊഡ്യൂസ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. അതില്‍ ഈ നടനായിരുന്നു നായകന്‍. ഇത്തവണ അയാളുടെ മാര്‍ക്കറ്റ് വാല്യു കൂടി. ഓരോ സീന്‍ ഞാന്‍ പറയുമ്പോഴും അയാള്‍ നൂറ് ചോദ്യം തിരിച്ചു ചോദിക്കുമായിരുന്നു. ഓരോ സീനിന്റെയും ആവശ്യമെന്താണെന്ന് ചോദിച്ച് അയാളുടേതായ സജഷന്‍ എനിക്ക് തന്നു. ഒരുവിധത്തില്‍ ആ സിനിമ പൂര്‍ത്തിയാക്കിയെങ്കിലും തിയേറ്ററില്‍ ആ സിനിമ പരാജയമായി,’ സുന്ദര്‍ സി പറഞ്ഞു.
Content Highlight: Sundar C about a bad experience he faced from an actor