national news
നിലവില്‍ ഒന്നരലക്ഷത്തോളം കോടതിയലക്ഷ്യ കേസുകളുണ്ട്; കോടതി ഉത്തരവുകളോട് സമയബന്ധിതമായി പ്രതികരിക്കണം; കേന്ദ്രമന്ത്രാലങ്ങള്‍ക്ക് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 27, 05:34 pm
Sunday, 27th April 2025, 11:04 pm

ന്യൂദല്‍ഹി: ഒന്നരലക്ഷത്തോളം കോടതിയലക്ഷ്യ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി ഉത്തരവുകളോട് സമയബന്ധിതവും കൃത്യമായും പ്രതികരിക്കണമെന്ന് കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി നിയമ മന്ത്രാലയം. മന്ത്രായലങ്ങളിലോ വകുപ്പുകളിലോ കൃത്യമായി വ്യവഹാരങ്ങള്‍ നടത്തുന്നതിന് പല ഉദ്യോഗസ്ഥര്‍ക്കും നിയമ മേഖലയില്‍ യോഗത്യയില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇക്കാരണത്താല്‍ നിയമപരമായ പ്രത്യാഘാതങ്ങളെ കുറിച്ച് ധാരണയില്ലായ്മയ്ക്കും ജുഡീഷ്യല്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നതിനും കാരണമാവുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇത് ഉദ്യോഗസ്ഥ തലത്തിലെ ബന്ധപ്പെട്ടവര്‍ക്ക് നേരെ കോടതിയലക്ഷ്യ കേസുകളിലേക്ക് എത്തിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം മിക്ക മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരു പ്രത്യേക നിയമ സെല്‍ ഇല്ലെന്നും കൂടാതെ പ്രസക്തമായ വിഷയങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നവര്‍ തന്നെയാണ് സാധാരണയായി കേസുകള്‍ കൈകാര്യം ചെയ്യുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥര്‍ക്കും വകുപ്പുകള്‍ക്കുമെതിരെ ചിലപ്പോഴൊക്കെ കോടതിയലക്ഷ്യ കേസുകള്‍ വരുന്നത് ഉത്തരവുകളും വിധിന്യായങ്ങളും സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നതിന് കാരണമാകുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കേന്ദ്രസര്‍ക്കാര്‍ കക്ഷിയായിട്ടുള്ള കോടതി കേസുകള്‍ കുറയ്ക്കുന്നതിനായി മേല്‍നോട്ടത്തിനായി ജോയിന്റെ സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത നോഡല്‍ ഓഫീസറെ നാമനിര്‍ദേശം ചെയ്യാനും മന്ത്രാലത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥന് എല്‍.എല്‍.ബി ബിരുദമോ അതില്‍ അധികമോ അല്ലെങ്കില്‍ മതിയായ വൈദഗ്ധ്യവും ന്യായമായ പരിചയവും ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്.

Content Highlight: There are currently around 1.5 lakh contempt of court cases; Central ministries instructed to respond to court orders in a timely manner