Film News
കഥ പറയാനായി നടന്റെ കാരവാനിൽ പോയപ്പോൾ അവിടെ മൊത്തം പുക; ഗതികേടുകൊണ്ടാണ് പലരും ഇവിടെ നിൽക്കുന്നത്: അഭിലാഷ് പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 05:11 pm
Sunday, 27th April 2025, 10:41 pm

മലയാള സിനിമയിലെ സംവിധായകരായ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും ഇന്ന് (ഞായർ) രാവിലെ ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പിടിക്കപ്പെട്ടിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിക്കുകയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. രാവിലെ കേട്ട വാർത്ത വളരെ ഷോക്കിങ് ആയിരുന്നുവെന്നും ഭയപ്പെടുത്തുന്നതാണെന്നും അഭിലാഷ് പിള്ള പറയുന്നു.

ഒരിക്കൽ കഥ പറയാനായി ഒരു സിനിമയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ അവിടെ നടനും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇരിക്കുന്ന കാരവാനിനകത്ത് നിറച്ചും പുകയായിരുന്നുവെന്നും അത് എന്തിന്റെ പുകയായിരുന്നുവെന്ന് തനിക്ക് മനസിലായെന്നും അഭിലാഷ് പറഞ്ഞു. പല നിർമാതാക്കളും ടെക്‌നീഷ്യൻസും ഗതികേടുകൊണ്ടാണ് നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അഭിലാഷ് പിള്ളയുടെ പ്രതികരണം.

‘ഇന്ന് രാവിലത്തെ ഈ വാർത്ത വളരെ ഷോക്കിങ്ങായാണ് കേട്ടത്. കാരണം നമ്മളൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന, ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത രണ്ടുപേർ. അവർ ഇങ്ങനെ ഒരു കേസിൽ പെടുന്നു, അവരുടെ വാർത്ത ചാനലുകളിൽ വരുന്നു, അവരുടെ കരിയറിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് പോകുമ്പോൾ സത്യത്തിൽ ഭയമുണ്ട്.

നമ്മുടെ കൂടെ വർക്ക് ചെയ്യുന്നവരിൽ പലരും ലൊക്കേഷനിൽ ഇത് ഉപയോഗിച്ചില്ലെങ്കിലും പുറത്ത് ഉപയോഗിക്കുന്നുണ്ടോ, നാളെ ഒരു പ്രശ്നത്തിൽ പെടുമോ എന്ന ഭയമുണ്ട്. സംഘടനകൾക്ക് ആണെങ്കിൽ പോലും അവർക്ക് ലൊക്കേഷനിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രമേ ഇടപെടാൻ കഴിയു. ഇത് അവർ അവരുടെ സ്വകാര്യ സ്പേസിലാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ ഒരിക്കലും ഒരു സംഘടനക്ക് ചെയ്യാൻ കഴിയുന്ന കാര്യമല്ല.

എൻ്റെ ലൊക്കേഷനിൽ ഇത്തരം കാര്യങ്ങൽ നടന്നിട്ടില്ല. എന്നാൽ ഞാൻ കഥ പറയാൻ മറ്റൊരു ലൊക്കേഷനിൽ പോയപ്പോൾ ഒരു നടൻ അദ്ദേഹവും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ഒരു കാരവാനിൽ ഇരിക്കുകയായിരുന്നു. ഞാൻ ചെന്നപ്പോൾ അതിനകത്ത് മൊത്തം പുക. ആ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. അപ്പോൾ തന്നെ ഞാൻ ഇവിടുന്ന് എനിക്ക് കഥ പറയാൻ പറ്റില്ലെന്ന് പറഞ്ഞ് പോയി.

ഇതുപോലെ ഓരോ സിനിമയുടെയും സെറ്റിൽ പോകുമ്പോൾ അവിടെയുള്ള ചില ടെക്‌നീഷ്യൻമാരും നിർമാതാക്കളും ഗതികേടുകൊണ്ട് ഇവിടെ നിൽക്കുന്നതാണെന്ന് പറയുന്ന അവസ്ഥ ഞാൻ കണ്ടിട്ടുണ്ട്,’ അഭിലാഷ് പിള്ള പറയുന്നു.

Content Highlight: Abhilash Pillai Reacts On Drug Usage In Film Industry