IPL
സ്വന്തം പേരിലുള്ള പവലിയനെ സാക്ഷിയാക്കി ദല്‍ഹി ബോയ് വീണ്ടും ചരിത്രമെഴുതുന്നു; വിരാട് യൂ ബ്യൂട്ടി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 27, 05:12 pm
Sunday, 27th April 2025, 10:42 pm

ഐ.പി.എല്‍ സൂപ്പര്‍ സണ്‍ഡേ ഡബിള്‍ ഹെഡ്ഡറിലെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. ദല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് ക്ലാസിക് പോരാട്ടത്തിന് വേദിയാകുന്നത്.

സീസണില്‍ ഇത് രണ്ടാം തവണയാണ് ബെംഗളൂരുവും ദല്‍ഹിയും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ, റോയല്‍ ചലഞ്ചേഴ്സിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിത്തില്‍ നടന്ന മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ കരുത്തില്‍ ക്യാപ്പിറ്റല്‍സ് വിജയിക്കുകയായിരുന്നു.

 

ഇപ്പോള്‍ ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടില്‍ മറ്റൊരു റെക്കോഡ് കൂടി തന്റെ പേരിലെഴുതിച്ചേര്‍ത്തിരിക്കുകയാണ് ദല്‍ഹിയുടെ സ്വന്തം ഹോം ടൗണ്‍ ഹീറോ വിരാട് കോഹ്‌ലി.

താന്‍ കളിച്ചുവളര്‍ന്ന അതേ ദല്‍ഹിയില്‍, തന്റെ പേരിലുള്ള പവലിയനെ സാക്ഷിയാക്കി സീസണില്‍ 400 മാര്‍ക് പിന്നിട്ടാണ് വിരാട് തന്റെ വേട്ട തുടരുന്നത്. ക്യാപ്പിറ്റല്‍സിനെതിരെ എട്ട് റണ്‍സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് വിരാട് 400 റണ്‍സ് പിന്നിട്ടത്.

ഇതോടെ ഏറ്റവുമധികം ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവുമധികം തവണ 400+ റണ്‍സ് നേടിയ താരങ്ങള്‍

(താരം – എത്ര സീസണുകളില്‍ 400+ റണ്‍സ് നേടി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 11*

ഡേവിഡ് വാര്‍ണര്‍ – 9

ശിഖര്‍ ധവാന്‍ – 9

സുരേഷ് റെയ്‌ന – 9

മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. എന്നാല്‍ തുടരെ തുടരെ വിക്കറ്റ് വീണതോടെ ക്യാപ്പിറ്റല്‍സ് സമ്മര്‍ദത്തിലായി.

പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബെംഗളൂരു ബൗളര്‍മാര്‍ ക്യാപ്പിറ്റല്‍സിനെ തളച്ചിട്ടത്. അഭിഷേക് പോരല്‍ (11 പന്തില്‍ 28), കരുണ്‍ നായര്‍ (നാല് പന്തില്‍ നാല്) എന്നിവരാണ് പവര്‍പ്ലേയില്‍ പുറത്തായത്.

ഫാഫ് ഡു പ്ലെസിയും കെ.എല്‍. രാഹുലും ചേര്‍ന്ന് പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ ആരംഭിച്ചെങ്കിലും വലിയ പാര്‍ട്ണര്‍ഷിപ്പിലേക്ക് പോകാതെ ആര്‍.സി.ബി തടഞ്ഞുനിര്‍ത്തി. ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെ ഡു പ്ലെസിയെ പുറത്താക്കി ക്രുണാല്‍ പാണ്ഡ്യയാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 26 പന്തില്‍ 22 റണ്‍സ് നേടിയാണ് താരം താരം പുറത്തായത്.

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ 13 പന്തില്‍ 15 റണ്‍സും കെ.എല്‍. രാഹുല്‍ 39 പന്തില്‍ 41 റണ്‍സും നേടി പുറത്തയി.

ബൗളര്‍മാര്‍ക്ക് ആനുകൂല്യം ലഭിച്ച പിച്ചില്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ 150 കടത്തിയത്. 18 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സറും അടക്കം 34 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ക്യാപ്പിറ്റല്‍സ് 162ലെത്തി.

ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റും ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ക്രുണാല്‍ പാണ്ഡ്യയും യാഷ് ദയാലുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിലവില്‍ പത്ത് ഓവര്‍ പിന്നടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 64 എന്ന നിലയിലാണ്. 26 പന്തില്‍ 28 റണ്‍സുമായി വിരാട് കോഹ്‌ലിയും 21 പന്തില്‍ 17 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയുമാണ് ക്രീസില്‍.

 

Content Highlight: IPL 2025: Virat Kohli becomes the player to score 400+ runs in 11 seasons