ടെലിവിഷന്‍ പരിപാടിയിലൂടെ ഹാസ്യ താരമായി വന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം.
കരിയറിന്റെ തുടക്കകാലത്ത് ഹാസ്യ കഥാപാത്രങ്ങളെ മാത്രം അവതരിപ്പിച്ചിരുന്ന അസീസിന് ബ്രേക്ക് ത്രൂ നേടികൊടുത്ത ചിത്രമായിരുന്നു മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ്. പിന്നീട് വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിലെ ആസീസിന്റെ അച്ഛന് വേഷം ഏറെ പ്രശംസയേറ്റ് വാങ്ങിയിരുന്നു. ഒപ്പം കാന്‍സില്‍ പുരസ്കാരം സ്വന്തമാക്കിയ പായല്‍ കപാഡിയ ചിത്രം ഓള് വീ ഇമാജിന്‍ ആസ് ലൈറ്റിലും അസീസ് ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
ഇപ്പോള്‍ മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ നടന് ബിജു മേനോനെ കുറിച്ച് പറയുകയാണ് അസീസ് നെടുമങ്ങാട്. അദ്ദേഹം മറ്റൊരു റേഞ്ചാണ് എന്നാണ് അസീസ് പറയുന്നത്. താന്‍ പലപ്പോഴും ബിജു മേനോന്റെ അടുത്തേക്ക് പോകാന്‍ പേടിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം തന്നെ അടുത്തേക്ക് വിളിക്കുമെന്നും അസീസ് പറഞ്ഞു.
‘ബിജു ചേട്ടന് വേറെയൊരു റേഞ്ചാണ്. നമ്മള് പലപ്പോഴും ബിജു ചേട്ടന്റെ അടുത്തേക്ക് പോകാന്‍ തന്നെ പേടിക്കും. പക്ഷെ അദ്ദേഹം എങ്ങനെയാണെന്ന് ചോദിച്ചാല്‍, നമ്മള് മാറി നിന്ന് നോക്കുമ്പോള്‍ ‘എടാ ഇങ്ങോട്ട് വാ’ എന്ന് പറഞ്ഞ് അദ്ദേഹം നമ്മളെ അടുത്തേക്ക് വിളിക്കും.
അടുത്ത് വിളിച്ച് ഇരുത്തിയിട്ട് എന്തെങ്കിലും തമാശ പറയാന്‍ പറയും. കളിയാക്കാന്‍ വേണ്ടി പറയുകയാണോ എന്നാണ് ഞാന്‍ അപ്പോള്‍ ചോദിക്കുക. നമ്മള് തമാശ പറയാന്‍ പറയുമ്പോള്‍ ചിലപ്പോള്‍ പറയില്ലായിരിക്കും. പക്ഷെ അദ്ദേഹം പറയാന്‍ തുടങ്ങും.
അവിടെയുള്ള ഓരോ ക്യാരക്ടേഴ്സിനെയും നോക്കിയിട്ട് അത് നോക്കെടാ എന്നും പറഞ്ഞ് അദ്ദേഹം ഓരോന്നും പറയാന്‍ തുടങ്ങും. അതുപോലെ വീട്ടിലെ കാര്യങ്ങളൊക്കെ നമ്മളോട് പറയും,’ അസീസ് നെടുമങ്ങാട് പറയുന്നു.
Content Highlight: Azees Nedumangad Talks About Biju Menon