Advertisement
national news
വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ ജാഗ്രതയോടെ ചെറുക്കണം: ഉദയനിധി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 21, 09:31 am
Monday, 21st April 2025, 3:01 pm

ചെന്നൈ: വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ചെറുക്കണമെന്നും ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. തമിഴ്‌നാട്ടിലെ ഒരു കോളേജില്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരായ പോരാട്ടം ഭാഷയ്ക്ക് വേണ്ടി മാത്രമല്ല, തമിഴ് സ്വത്വത്തെയും സംസ്‌ക്കാരത്തെയും സംരക്ഷിക്കുന്നതിന് കൂടിയാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

ത്രിഭാഷ നയവും ദേശീയ വിദ്യാഭ്യാസ നയവും നീറ്റും തുടങ്ങി നിരവധി വിഷയങ്ങളില്‍ തമിഴിനെയും ദ്രാവിഡ ഭരണ മാതൃകകളെയും ദുര്‍ബലപ്പെടുത്താന്‍ ഉപയോഗിക്കുകയാണെന്നും ഉദയനിധി പറഞ്ഞു.

തമിഴ്‌നാടിന്റെ അടിത്തറ തമിഴാണെന്നും ഇന്ന് തമിഴിനെ അപകടത്തിലാക്കാന്‍ നിരവധി ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് ത്രിഭാഷ നയങ്ങള്‍ പോലുള്ള വിഷയങ്ങള്‍ കൊണ്ടുവന്നതെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

തങ്ങളുടെ പൂര്‍വികര്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ പോരാടിയെന്നും അവരുടെ പോരാട്ടം തമിഴിനെ സംരക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ആധുനിക രൂപങ്ങളിലും ഹിന്ദി അടിച്ചേല്‍പ്പിക്കലിനെ എതിര്‍ത്ത് ആ പാരമ്പര്യം തുടരുക എന്നതാണ് നമ്മള്‍ക്ക് അവരെ ബഹുമാനിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മാര്‍ഗമെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.

നീറ്റിലൂടെയും പുതിയ വിദ്യാഭ്യാസ നയത്തിലൂടെയും കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കുന്ന നിലപാടിലൂടെ കടന്നുകയറുകയാണെന്നും ഹിന്ദി അനുകൂലവാദങ്ങള്‍ കേട്ട് വിദ്യാര്‍ത്ഥികള്‍ വഴിതെറ്റരുതെന്നും അദ്ദേഹം പറഞ്ഞു.

നമ്മള്‍ നിലപാടിലുറച്ച് നിന്നാല്‍ ശത്രുക്കള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്ന് മനസിലാക്കണമെന്നും ജാഗ്രതയോടെ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The Centre’s move to impose Hindi through educational reforms should be cautiously resisted: Udayanidhi Stalin