മലയാളികളുടെ പ്രിയനടനാണ് സൈജു കുറുപ്പ്. സംവിധായകൻ ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് മലയാള സിനിമയിലേക്ക് കാലെടുത്തുവച്ചത്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ സൈജു കുറുപ്പ് മലയാള സിനിമയുടെ ഭാഗമായി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രത്തിൽ കൂടെയാണ് സൈജു കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ചില തമിഴ് സിനിമകളിലും സൈജു കുറുപ്പ് വേഷമിട്ടിട്ടുണ്ട്. 2013ൽ റിലീസായ മൈ ഫാൻ രാമു എന്ന സിനിമയ്ക്ക് സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഭരതനാട്യം എന്ന സിനിമയിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. ഭരതനാട്യം നിർമാണം ചെയ്തതും സൈജു കുറുപ്പാണ്. അഭിലാഷമാണ് സെജു കുറുപ്പിൻ്റെ റിലീസ് ചെയ്ത അവസാന സിനിമ. ഇപ്പോൾ തനിക്ക് തെലുങ്കിലേക്ക് ഓഫർ വന്നിട്ടുണ്ടായിരുന്നുവെന്ന് സൈജു കുറുപ്പ് പറയുന്നു.
അഭിലാഷം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് ജൂനിയർ എൻ.ടി.ആറിൻ്റെ സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാൽ ആ സമയത്ത് താൻ വേറെ സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നുവെന്നും സൈജു കുറുപ്പ് പറഞ്ഞു.
താൻ തെലുങ്ക് ചിത്രത്തിന് വേണ്ടി ഷൂട്ടിങ് നീട്ടി വച്ചാൽ അത് കമ്മിറ്റ് ചെയ്ത സിനിമയെ ബാധിക്കുമെന്നും അതുകൊണ്ട് താൻ വേണ്ടെന്ന് വെച്ചെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു. റേഡിയോ മാംഗോയിൽ സംസാരിക്കുകയായിരുന്നു സൈജു കുറുപ്പ്.
‘ അഭിലാഷം ഷൂട്ട് ചെയ്യുന്നതിന് മുമ്പ് എനിക്ക് തെലുങ്കിൽ നിന്നും ഓഫർ വന്നിട്ടുണ്ടായിരുന്നു. ജൂനിയർ എൻ.ടി.ആറിൻ്റെ സിനിമയിൽ നിന്നാണ് ഓഫർ വന്നത്. അവർക്ക് എൻ്റെ ആറുമാസത്തെ ഡേറ്റ് വേണമായിരുന്നു. പക്ഷെ എല്ലാ ദിവസവും ഷൂട്ട് ഇല്ല. ഓരോ മാസവും 15, 12, 20 ദിവസം അങ്ങനെയൊക്കെയാണ് വേണ്ടത്. അപ്പോൾ ആ സമയത്ത് എന്തായിരുന്നു പ്രശ്നം എന്ന് വച്ചാൽ ഞാൻ മൂന്നാല് പടങ്ങൾ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു.
ഗു, അഭിലാഷം, റിട്ടൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ് ഇങ്ങനത്തെ സിനിമകളൊക്കെ ചെയ്തിരുന്നു. ജയ് മഹേന്ദ്രൻ എന്ന് പറഞ്ഞ സോണി ലൈവിൽ ഒരു സീരീസ് ഉണ്ടായിരുന്നു. അതിൻ്റെ ഷൂട്ടിങ് സമയത്താണ് എനിക്ക് ഓഫർ വരുന്നത്. ഈ സിനിമകളുടെയെല്ലാം ഡയറക്ടർ ന്യൂ കമർ ആണ്.
ഞാൻ നോക്കിയപ്പോൾ ആറുമാസം ഈ പടത്തിന് വേണ്ടി പോയാൽ എല്ലാ പടങ്ങളും ആറുമാസം തള്ളും. ഇതിന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ ഇവര് മാത്രമല്ല ഇവരുടെ കൂടെയുള്ള ടീമും, പ്രത്യേകിച്ച് ഇവരുടെ അച്ഛനും അമ്മയും ഒക്കെ കാത്തിരിക്കുകയാണ് ഇവരുടെ പടം നടന്നു കാണാൻ.
അതുകൊണ്ട് ഞാൻ ആറു മാസം തള്ളിയാൽ ഇവരെയെല്ലാവരേയും ബാധിക്കുന്ന കാര്യമാണ്. അങ്ങനെ ഞാൻ വിചാരിച്ചു ഇവിടെ കൊടുത്ത ഡേറ്റിൽ വർക്ക് ചെയ്യാം. എനിക്ക് വേണമെങ്കിൽ മാനേജ് ചെയ്യാമായിരുന്നു. പക്ഷെ ഇവരെയൊക്കെ വിഷമിപ്പിച്ച് എനിക്ക് ചെയ്യണമെന്നില്ലായിരുന്നു,’ സൈജു പറയുന്നു.
Content Highlight: I got a chance to act in that Telugu superstar’s film; but… says Saiju Kurup