Cricket
ഡെത്ത് ഓവറിലെ മായാജാലം; പന്തിന്റെയും കൂട്ടരുടെയും അടിവേരിളക്കിയ റെക്കോഡ് നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Tuesday, 1st April 2025, 10:14 pm

ഐ.പി.എല്ലില്‍ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ലക്‌നൗവിന്റെ തട്ടകമായ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം. തങ്ങളുടെ രണ്ടാം മത്സരത്തിന് കളത്തില്‍ ഇറങ്ങിയ പഞ്ചാബ് ടോസ് നേടി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

തുടര്‍ന്ന് കളത്തിലിറങ്ങിയ ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. ആദ്യ ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് തന്റെ നാലാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പറഞ്ഞയച്ചാണ് തുടങ്ങിയത്. മാര്‍ക്കോ യാന്‍സന് ക്യാച്ച് നല്‍കി പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. ലഖ്‌നൗവിന്റെ സ്‌കോര്‍ ഉയര്‍ത്തിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ (28 റണ്‍സ്) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസണ്‍ മിന്നും പ്രകടനമാണ് നടത്തിയത്. മാര്‍ക്രത്തിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ലോക്കി കരുത്ത് കാട്ടിയത്.

എന്നാല്‍ ഏറെ പ്രതീക്ഷയോടെ ലഖ്‌നൗ ആരാധകര്‍ കാത്തിരുന്നത് തങ്ങളുടെ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനത്തിന് വേണ്ടിയായിരുന്നു. ടീമിന് വേണ്ടി പന്ത് രക്ഷകനായി എത്തുമെന്ന് വിശ്വസിച്ചവര്‍ക്ക് വലിയ നിരാശയാണ് ഉണ്ടായത്. അഞ്ച് പന്തില്‍ വെറും രണ്ട് റണ്‍സ് നേടിയാണ് പന്ത് കളം വിട്ടത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പന്തില്‍ യുസ്വേന്ദ്ര ചഹലിന് ക്യാച് നല്‍കിയാണ് പന്ത് മടങ്ങിയത്.

കളത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ചാണ് നിക്കോളാസ് പൂരന്‍ പുറത്തായത്. 30 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 44 റണ്‍സ് നേടിയാണ് പൂരന്‍ പുറത്തായത്. ചഹലാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. തുടര്‍ന്ന് 19 റണ്‍സ് നേടി ഡേവിഡ് മില്ലര്‍ മാര്‍ക്കോയാന്‍സന് ഇരയായി. മത്സരത്തിന്റെ അവസാന ഘട്ടം ആയുഷ് ബധോണി 41 റണ്‍സും അബ്ദുള്‍ സമദ് 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയാണ് മടങ്ങിയത്. അവസാന ഓവറില്‍ ഇരുവരുടേയും വിക്കറ്റ് നേടിയത് അര്‍ഷ്ദീപ് സിങ്ങാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. 2020ന് ശേഷം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡെത് ഓവര്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഇടം കയ്യന്‍ പേസ് ബൗളറാകാനാണ് അര്‍ഷ്ദീപിന് സാധിച്ചത്.

2020ന് ശേഷം ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡെത് ഓവര്‍ വിക്കറ്റ് നേടിയ ഇടം കയ്യന്‍ പേസര്‍ വിക്കറ്റ്

ടി. നടരാജന്‍ – 43

അര്‍ഷ്ദീപ് സിങ് – 39

ഖലീല്‍ അഹമ്മദ് – 28

സാം കറന്‍ – 26

പഞ്ചാബിന് വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്ന് വിക്കറ്റും, ലോക്കി ഫെര്‍ഗൂസന്‍, ഗ്ലെന്‍ മാക്‌സവെല്‍, മാര്‍ക്കോ യാന്‍സന്‍, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് നേടിയത്. പ്രഭ്‌സിമ്രാന്‍ സിങ് 50 റണ്‍സും ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 17 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്. ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ എട്ട് റണ്‍സിന് ടീമിന് നേരത്തെ നഷ്ടമായിരുന്നു. ദിഗ്വേശ് സിങ്ങിനാണ് വിക്കറ്റ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഏയ്ഡ്ന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആയുഷ് ബദോണി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിവ്‌ഗേഷ് സിങ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ്, സൂര്യാന്‍ഷ് ഷെഡ്ജ്, മാര്‍കോ യാന്‍സെന്‍, യുസ്വേന്ദ്ര ചഹല്‍, ലോക്കി ഫെര്‍ഗൂസന്‍, അര്‍ഷ്ദീപ് സിങ്

 

Content Highlight: IPL 2025: Arshdeep Singh in Great Record Achievement In IPL Death-Overs

v