മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് സായി കുമാർ. 1977ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് സായി കുമാർ അഭിനയജീവിതം ആരംഭിക്കുന്നത്. 1989ൽ റിലീസായ റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയോടെ പ്രേക്ഷകശ്രദ്ധ ലഭിക്കുകയും പിന്നീട് മലയാള സിനിമയിൽ സജീവമാകുകയും ചെയ്തു സായി കുമാർ. പിന്നീട് സ്വഭാവ നടനായും വില്ലനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2007ൽ റിലീസായ ആനന്ദഭൈരവി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് സായി കുമാർ സ്വന്തമാക്കി.
ഇപ്പോൾ പരാജയപ്പെട്ട ഒരു സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു സായി കുമാർ. താനും ജഗതി ശ്രീകുമാറും ഒന്നിച്ച് അഭിനയിച്ച സിനിമ പരാജയപ്പെട്ടെന്നും അത് പരാജയപ്പെടുമെന്ന് ഡബ്ബിങ് ചെയ്യുമ്പോൾ തന്നെ തനിക്ക് അറിയാമായിരുന്നുവെന്നും സായി കുമാർ പറയുന്നു.
ഡബ്ബ് ചെയ്യാൻ പോയപ്പോൾ പ്രൊഡ്യൂസർ തന്നോട് തനിക്ക് ബാക്കി തരാനുള്ള പൈസുടെ കാര്യം സൂചിപ്പിച്ചെന്നും എന്നാൽ താൻ പിന്നെ വാങ്ങിച്ചോളാം എന്നാണ് പ്രൊഡ്യൂസറോട് പറഞ്ഞതെന്നും സായി കുമാർ പറഞ്ഞു.
പിന്നീട് ഒരു കല്ല്യാണത്തിന് പോയപ്പോൾ പ്രൊഡ്യൂസറെ കണ്ടുവെന്നും സിനിമ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ തനിക്ക് രണ്ടേകാൽ രക്ഷം രൂപ ലാഭം കിട്ടിയെന്ന് പറഞ്ഞുവെന്നും സായി കുമാർ പറയുന്നു. എന്നാൽ അത് തനിക്കും ജഗതി ശ്രീകുമാറിനും തരാനുണ്ടായ പണമായിരുന്നുവെന്നും പിന്നീട് തങ്ങൾ ആ പണം വാങ്ങിച്ചിട്ടില്ല എന്നും സായി കുമാർ കൂട്ടിച്ചേർത്തു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു സായി കുമാർ.
‘ സിനിമയുടെ പേരോ മറ്റുള്ളതൊന്നും പറയുന്നില്ല. അമ്പിളി ചേട്ടനും ഞാനും ഉള്ളൊരു സിനിമയാണ്. തിരുവനന്തപുരം വെച്ചാണ് ഡബ്ബിങ് നടക്കുന്നത്. അപ്പോൾ ഞാൻ ഡബ്ബിങ്ങിന് ചെന്നപ്പോൾ എനിക്ക് കുറച്ച് പണം ബാലൻസ് തരാനുണ്ട്. ഞാൻ ഇങ്ങനെ ഡബ്ബ് ചെയ്യുമ്പോൾ എനിക്കറിയാം, ഈ പടം ഏഴ് നിലയ്ക്ക് പൊട്ടുമെന്ന്. ഞാൻ ചെന്നപ്പോൾ മുതൽ പ്രൊഡ്യൂസർ, ‘ചേട്ടാ മറ്റേ ബാലൻസ് പൈസ’ എന്ന് പറയുന്നുണ്ടായിരുന്നു. ‘ഇരിക്കട്ടെ വാങ്ങിച്ചോളാം’ എന്നാണ് ഞാൻ പറഞ്ഞത്.
ഒരാളുടെ കല്ല്യാണസമയത്ത് ദൂരെ നോക്കിയപ്പോൾ പ്രൊഡ്യൂസർ അല്ലെ എന്ന് എനിക്ക് സംശയം തോന്നി, അപ്പോൾ പുള്ളി അടുത്തുവന്നു. ചോദിക്കുന്നത് ശരിയല്ല, പടം പോയി എന്ന് എനിക്കറിയാമായിരുന്നു എന്നാലും ഞാൻ ചോദിച്ചു എങ്ങനെയുണ്ടായിരുന്നു സിനിമ എന്ന്. അപ്പോൾ അയാൾ പറഞ്ഞത് ‘രണ്ടേകാൽ ലക്ഷം രൂപ എനിക്ക് ലാഭം കിട്ടി ചേട്ടാ, ചേട്ടൻ്റെ ഒരു ലക്ഷവും അമ്പിളിച്ചേട്ടൻ്റെ (ജഗതി ശ്രീകുമാർ) ഒന്നേകാൽ ലക്ഷവും’ എന്നാണ്.
ഞാൻ വാങ്ങിച്ചില്ല ബാക്കി പൈസ. ബാക്കിയുള്ള ഒന്നേകാൽ ലക്ഷം രൂപ അമ്പിളി ചേട്ടനും വാങ്ങിച്ചില്ല. ആ പടത്തിന് ആകെപ്പാടെ പുള്ളിക്ക് കിട്ടിയ ലാഭം രണ്ടേകാൽ ലക്ഷം രൂപയാണ്,’ സായി കുമാർ പറഞ്ഞു.
Content Highlight: Saikumar Talking About One Of His Flop Film