തിരുവനന്തപുരം: ദല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങളെ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. എന്നാല്‍ സുരക്ഷാ പ്രശ്നവുമായി ബന്ധപ്പെട്ടാണ് ഘോഷയാത്ര അനുവദിക്കാതിരുന്നതെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. കഴിഞ്ഞദിവസം ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നല്‍കിയിരുന്നില്ലെന്നും മന്ത്രി പറയുകയുണ്ടായി. എന്നാല്‍ എന്താണ് സുരക്ഷാ പ്രശ്നമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല.
ദല്‍ഹി പൊലീസ് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച വിവരം ദല്‍ഹി ആര്‍ച്ച് ബിഷപ്പിന്റെ ഓഫീസാണ് പുറത്ത് വിട്ടത്. സംഭവത്തില്‍ ഇതുവരെയും ദല്‍ഹി പൊലീസ് ഔദ്യോഗികമായ വിശദീകരണം നല്‍കിയിട്ടില്ല. കുരുത്തോല പ്രദക്ഷിണത്തിന് അനുമതി പൊലീസ് നിഷേധിച്ചെന്ന വിവരം ഇന്ന് രാവിലെയാണ് പുറത്ത് വന്നത്.
കുരുത്തോല പ്രദക്ഷിണം തീരുമാനിച്ചിരുന്നത് ഓള്‍ഡ് ദല്‍ഹിയിലുള്ള സെന്റ് മേരീസ് പള്ളിയില്‍ നിന്നും സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലേക്കായിരുന്നു. ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമുണ്ട് ഇരു പള്ളികള്‍ക്കുമിടയില്‍. അവിടെ നിന്നും രാവിലെ ഇത്തരത്തില്‍ ഒരു പ്രദക്ഷിണം സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.
അതിനുള്ള അനുമതിക്കായി ദല്‍ഹി പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വളരെ വൈകി ദല്‍ഹി പോലീസില്‍ നിന്നും അനുമതി നിഷേധിച്ചുകൊണ്ടുള്ള മറുപടി ലഭിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇത്തരത്തില്‍പ്രദക്ഷിണം നടന്നിരുന്നതാണ്. സാധാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പീക്കര്‍ ജെ.പി. നദ്ദ അടക്കമുള്ളവര്‍ ആഘോഷങ്ങള്‍ക്കായി പോകാറുള്ള പള്ളിയാണ് സേക്രഡ് ഹാര്‍ട്ട് ദേവാലയം. ഡല്‍ഹിയുടെ നഗരഹൃദയഭാഗത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.
Content Highlight: Denial of permission for Kurutthola Pradakshina at Delhi’s Sacred Heart Church is protestable: Chief Minister Pinarayi Vijayan