ഐ.പി.എല്ലില്‍ മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് മികച്ച നിലയില്‍ ബാറ്റിങ് തുടരുകയാണ്. ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ സൂപ്പര്‍ താരം ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ക്യാപ്പിറ്റല്‍സ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം ഓടിയടുക്കുന്നത്.
സൂപ്പര്‍ താരം കരുണ്‍ നായരിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ കരുത്തില്‍ ക്യാപ്പിറ്റല്‍സ് സ്‌കോര്‍ ഉയര്‍ത്തുകയാണ്. അര്‍ധ സെഞ്ച്വറിയുമായാണ് കരുണ്‍ ഹോം ടീമിനെ തോളിലേറ്റി മുന്നേറുന്നത്. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തി ഏറ്റവും മികച്ച ഇംപാക്ടാണ് ടീമിന് സമ്മാനിക്കുന്നത്.
സാക്ഷാല്‍ ജസ്പ്രീത് ബുംറയെ പോലും വളരെ അനായാസമാണ് താരം നേരിട്ടത്. ബുംറയെറിഞ്ഞ ആറാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.
Nair fire against Bumrah 🔥pic.twitter.com/3D6kjyR5lx
— Delhi Capitals (@DelhiCapitals) April 13, 2025
1076 ദിവസങ്ങള്‍ക്ക് ശേഷമാണ് കരുണ്‍ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്നത്. 2022ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് താരം കളത്തിലിറങ്ങിയത്.
ഏഴ് വര്‍ഷങ്ങളോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് കരുണ്‍ ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ഇതിന് മുമ്പ് 2,519 ദിവസത്തിന് മുമ്പാണ് കരുണ്‍ നായര്‍ ഐ.പി.എല്ലില്‍ അര്‍ധ സെഞ്ച്വറി നേടിയത്. കൃത്യമായി പറഞ്ഞാല്‍ ആറ് വര്‍ഷവും പത്ത് മാസവും 23 ദിവസവും മുമ്പ്!
This one felt personal 🥹
What a knock, Karun! 🔥 pic.twitter.com/s0ltljPLNA
— Delhi Capitals (@DelhiCapitals) April 13, 2025
അഭ്യന്തര തലത്തില്‍ പുലര്‍ത്തിയ മികവ് താരം ഇപ്പോള്‍ ഐ.പി.എല്ലിലും തുടരുകയാണ്.
അതേസമയം, മത്സരം 11 ഓവര്‍ പിന്നിടുമ്പോള്‍ ക്യാപ്പിറ്റല്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 എന്ന നിലയിലാണ്. 38 പന്തില്‍ 85 റണ്‍സുമായി കരുണ്‍ നായരും രണ്ട് പന്തില്‍ ഒരു റണ്‍സുമായി കെ.എല്‍. രാഹുലുമാണ് ക്രീസില്‍.
119 റണ്‍സിന്റെ കൂട്ടുകെട്ടാണ് കരുണ്‍ നായരും അഭിഷേക് പോരലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. അഭിഷേകിനെ മടക്കി കരണ്‍ ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 25 പന്തില്‍ 33 റണ്‍സാണ് അഭിഷേക് പോരലിന്റെ സമ്പാദ്യം.
Content Highlight: IPL 2025: MI vs DC: Karun Nair’s brilliant batting performance