IPL
ഫ്‌ളാറ്റ് ട്രാക്കിലും തിളങ്ങാത്ത ഏറ്റവും വലിയ ഫ്‌ളാറ്റ് ട്രാക്ക് ഫ്രോഡ്; ആരാലും വിമര്‍ശിക്കപ്പെടാതെ പോകുന്ന ഇഷാന്‍ കിഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 23, 03:59 pm
Wednesday, 23rd April 2025, 9:29 pm

 

വീണ്ടും മോശം പ്രകടനം തുടര്‍ക്കഥയാക്കി സണ്‍റൈസേഴ്‌സ് സൂപ്പര്‍ താരം ഇഷാന്‍ കിഷന്‍. സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇഷാന്‍ കിഷന്‍ നിരാശപ്പെടുത്തിയത്.

നാല് പന്ത് നേരിട്ട് വെറും ഒറ്റ റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്.

ദീപക് ചഹറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ടണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. ബൗളര്‍ പോലും അപ്പീല്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഔട്ട് എന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച ഇഷാന്‍ തിരികെ ഡ്രസ്സിങ് റൂമിലേക്ക് തിരികെ നടക്കുകയായിരുന്നു.

എന്നാല്‍ ശേഷം അള്‍ട്രാ എഡ്ജില്‍ പന്ത് ബാറ്റില്‍ കൊണ്ടിട്ടില്ല എന്ന് വ്യക്തമാവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ പോലും താത്പര്യം കാണിക്കാതിരുന്ന ക്യാച്ചില്‍ യഥാര്‍ത്ഥത്തില്‍ ഔട്ടാകാതെയാണ് ഇഷാന്‍ കിഷന്‍ ഔട്ടായത്.

ഈ പുറത്താകലോടെ താരത്തിന്റെ സ്റ്റാറ്റുകളിലും വന്‍ ഇടിവ് സംഭവിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ നേടിയ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ സീസണില്‍ റിഷബ് പന്തിനേക്കാള്‍ മോശം പ്രകടനമാണ് ഇഷാന്‍ കിഷന്‍ പുറത്തെടുക്കുന്നത്.

ഐ.പി.എല്‍ 2025ല്‍ ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍

vs രാജസ്ഥാന്‍ റോയല്‍സ് – 106* (47)

vs ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- 0 (1)

vs ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2 (5)

vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 2 (5)

vs ഗുജറാത്ത് ടൈറ്റന്‍സ് – 17 (14)

vs പഞ്ചാബ് കിങ്സ് – 9* (6)

vs മുംബൈ ഇന്ത്യന്‍സ് – 2 (3)

vs മുംബൈ ഇന്ത്യന്‍സ് – 1 (4)

 

സീസണില്‍ ഇതുവരെ 23.16 ശരാശരിയിലും 163.52 സ്ട്രൈക്ക് റേറ്റിലും 139 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. എന്നാല്‍ ആദ്യ മത്സരത്തിലെ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ 5.5 ശരാശരിയും 86.84 സ്ട്രൈക്ക് റേറ്റും മാത്രമാണ് ഇഷാന്‍ കിഷനുള്ളത്.

അതേസമയം, ആദ്യ ഇന്നിങ്‌സില്‍ സണ്‍റൈസേഴ്‌സ് 143ന് എട്ട് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ഹെന്‌റിക് ക്ലാസന്റെയും ഇംപാക്ട് പ്ലെയറായെത്തിയ അഭിനവ് മനോഹറിന്റെയും ചെറുത്തുനില്‍പ്പാണ് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

ക്ലാസന്‍ 44 പന്തില്‍ 71 റണ്‍സും അഭിവ് മനോഹര്‍ 43 റണ്‍സും നേടി. 12 റണ്‍സടിച്ച അനികേത് വര്‍മ മാത്രമാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം.

മുംബൈ ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട് നാല് വിക്കറ്റ് നേടിയപ്പോള്‍ ദീപക് ചഹര്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജസ്പ്രീത് ബുംറയും ഹര്‍ദിക് പാണ്ഡ്യയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

റിയാന്‍ റിക്കല്‍ടണ്‍(വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, വിഘ്നേഷ് പുത്തൂര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.

 

Content Highlight: IPL 2025: MI vs SRH: Ishan Kishan’s poor form continues