ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ശക്തമായ നിലപാടുകളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യ പാകിസ്ഥാന് പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ആവശ്യപ്പെട്ടു.
പാക് നയതന്ത്ര ഉദ്യോഗസ്ഥരോടും ഉടന്‍ ഇന്ത്യ വിടാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പാക് പൗരന്മാര്ക്ക് അനുവദിച്ച വിസകളും റദ്ദാക്കും. വാഗ-അട്ടാരി അതിര്‍ത്തിയും ഇന്ത്യ ഇതിനകം അടിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സിന്ധു നദീതട കരാറും ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. ഇത് പാകിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളെ ദോഷകരമായി ബാധിക്കും.
പാകിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ച് വിളിച്ചിട്ടുണ്ട്. പാക് നയതന്ത്ര പ്രതിനിധികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങാന്‍ രണ്ടാഴ്ച്ച സമയം അനുവദിക്കും.
ന്യൂദല്‍ഹിയിലെ പാകിസ്ഥാന് ഹൈക്കമ്മീഷനിലെ ഉപദേഷ്ടാക്കളെ പേര്‍സോണ നോണ്‍ ഗ്രാറ്റ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ക്ക് ഇന്ത്യ വിടാന്‍ ഒരു ആഴ്ച സമയമുണ്ട്. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും ഇന്ത്യ പ്രതിനിധികളെ പിന്‍വലിക്കും. മെയ് ഒന്നോടെ ഹൈക്കമ്മീഷനുകളിലെ ആകെ അംഗസംഖ്യ 55 ല്‍ നിന്ന് 30 ആയി കുറയ്ക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ഈ തീരുമാനങ്ങള്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിക്കുകയായിരുന്നു.
പഹല്‍ഗാം ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അവരുടെ പിന്നിലുള്ളവരേയും പിടികൂടുമെന്നും വിക്രം മിസ്രി പറഞ്ഞു. തഹാവൂര്‍ റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് പോലെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയോ അല്ലെങ്കില്‍ അവ നടത്താന്‍ ഗൂഢാലോചന നടത്തുന്നവരെയോ പിന്തുടരുന്നതില് ഇന്ത്യ വിട്ടുവീഴ്ച ചെയ്യില്ലെന്നും മിസ്രി പ്രഖ്യാപിച്ചു.
വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Content Highlight: India cuts all diplomatic ties with Pakistan; Pakistani citizens must leave the country within 48 hoursc