കൊച്ചി: വഖഫ് ബില്ലില്‍ കേരളത്തിലെ കത്തോലിക്ക സഭാധികാരികള്‍ക്ക് തെറ്റ് പറ്റിയെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. വഖഫ് ഭേദഗതി ബില്ലിനെ കേരളത്തിലെ എല്ലാ എം.പിമാരും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി (കത്തോലിക്ക മെത്രാന്‍ സമിതി) പുറത്തുവിട്ട കത്ത് ഒരിക്കലും ശരിയായിരുന്നില്ലെന്നും ആ കാര്യം ഭാവിയില്‍ തിരിച്ചറിയുമെന്നും ഫാ. അജി പുതിയാപറമ്പില്‍ അഭിപ്രായപ്പെട്ടു.
വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസായി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ കത്തോലിക്ക സഭയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചതെന്ന കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. അതില്‍ കത്തോലിക്ക സഭയ്ക്ക് എത്ര സ്‌കൂളുകളുണ്ട്, എത്ര ഭൂമിയുണ്ട് എന്നതിന്റെയൊക്ക കണക്കാണ് കൊടുത്തിരിക്കുന്നത്. അതിനുശേഷം ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ അക്രമണമുണ്ടായി. ഇന്ന് ദല്‍ഹിയിലെ കുരുത്തോല പ്രദക്ഷിണം തടഞ്ഞുവെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി.
നാളെയവര്‍ പറയും നിങ്ങള്‍ കുരിശിന്റെ വഴി നടത്തിക്കോളൂ. പക്ഷെ ഞങ്ങള്‍ പറയുന്ന വഴിയില്‍ നടക്കണമെന്ന്. ഇതാണ് ഭരണകൂടം പറയുന്നത്. അതുപോലെ നിങ്ങള്‍ക്ക് വിശ്വസിക്കാം പക്ഷെ ഞങ്ങള്‍ പറയുന്നത് വിശ്വസിക്കണമെന്ന് പറയുന്ന കാലം വരുമെന്നും ഫാ. അജിത്ത് പുതിയാപറമ്പില്‍ പറഞ്ഞു. ഇത് ജനാധിപത്യ വിരുദ്ധമാണ്. റിപ്പോര്‍ട്ടര്‍ ടി.വി.യുടെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ട്ടിക്കില്‍ 25 പ്രകാരം രാജ്യത്തെ ഒരു വ്യക്തിക്ക് അയാള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആചരിക്കാനുമുള്ള അവകാശമുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇന്ന് ക്രിസ്ത്യാനിയായ ഒരാള്‍ക്ക് നാളെ ഹിന്ദുവാകാനും മുസ്‌ലിമാകാനുമുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്ന നിയമങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. അങ്ങനെയാണെങ്കില്‍ മതസ്വാതന്ത്ര്യം എങ്ങനെ നടപ്പിലാവുമെന്നും അദ്ദേഹം ചോദിച്ചു.
‘വഖഫ് ബില്ലില്‍ കെ.സി.ബി.സിക്കും സഭ അധികാരികള്‍ക്കും തെറ്റ് പറ്റി. രാഷ്ട്രീയമായ പിഴവ് പറ്റി. സഭ മനുഷ്യരാല്‍ നയിക്കപ്പെടുന്നത് കൊണ്ട് തെറ്റ് പറ്റാം. ചരിത്രത്തില്‍ പിഴവുകള്‍ പറ്റിയിട്ടുമുണ്ട്. 1933ല്‍ സഭയ്ക്ക് പറ്റിയ ക്ലാസിക് പിഴവ് നാസി ഭരണകൂടവുമായി 12ാമന്‍ മാര്‍പാപ്പ നടത്തിയ എഗ്രിമെന്റാണ്. 2000ത്തില്‍ കത്തോലിക്ക സഭ അതിന് മാപ്പ് പറഞ്ഞു,’ ഫാ. അജി പുതിയാപറമ്പില്‍ പറഞ്ഞു.
വഖഫ് ബില്ലില്‍ മെത്രാന്‍ സമിതി ചെയ്തതു പോലെ, ചര്‍ച്ച് ബില്ലില്‍ മുസ്‌ലിം നേതൃത്വം പെരുമാറിയാല്‍ ക്രിസ്ത്യന്‍ സമൂഹത്തിന് എന്താണ് തോന്നുകയെന്ന് ചോദിച്ച അദ്ദേഹം കെ.സി.ബി.സി ഇനിയെങ്കിലും ആത്മപരിശോധന നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Catholic Church leaders made a mistake in the Waqf Bill; we cannot help but admit it; Fr. Aji Puthiyaparampil