ശ്രീനഗർ: ഹിന്ദുത്വ നേതാവിന്റെ ആക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടന്ന പ്രതിഷേധത്തിന് ശേഷം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇന്റർനെറ്റ് കട്ട് ഏർപ്പെടുത്തി അധികൃതർ. ദോഡ ജില്ലയിലെ ഭാദേർവാ പ്രദേശത്താണ് ഇന്റർനെറ്റ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
ഏപ്രിൽ നാലിന് വൈകുന്നേരം ചെനാബ് താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെത്തുടർന്ന് കിംവദന്തികൾ പ്രചരിപ്പിക്കുന്നതും ക്രമസമാധാനം തകർക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനുമായി ഇന്റർനെറ്റ് ഉപരോധം ഏർപ്പെടുത്തിയെന്ന് ദോഡയിലെ സീനിയർ പൊലീസ് സൂപ്രണ്ട് സന്ദീപ് മേത്ത പറഞ്ഞു.
ശ്രീ സനാതൻ ധരം സഭ എന്ന തീവ്ര ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദർ റസ്ദാൻ വെള്ളിയാഴ്ച (ഏപ്രിൽ നാല് ) പുറത്ത് വിട്ട ആക്ഷേപപരമായ വീഡിയോ ക്ലിപ്പിന് പിന്നാലെയാണ് പ്രതിഷേധവും സംഘർഷവുമുണ്ടായത്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനാണ് റസ്ദാൻ എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
’72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ പൊരുത്തപ്പെടും’ എന്ന തലക്കെട്ടോടെ, ഒരു പള്ളിക്കുള്ളിൽ സഭാ പ്രാർത്ഥനയ്ക്കിടെ മുട്ടുകുത്താൻ പാടുപെടുന്ന വൃദ്ധനായ ഒരു മുസ്‌ലിം പുരുഷനെ കാണിക്കുന്നതാണ് വരീന്ദർ റസ്ദാൻ പോസ്റ്റ് ചെയ്ത റീൽ.
ഭാദേർവയിലും പരിസര പ്രദേശങ്ങളിലും പോസ്റ്റ് വൈറലായതിനെ തുടർന്ന് മുസ്‌ലിം സമുദായത്തിലെ പ്രവർത്തകർ അഞ്ജുമാൻ-ഇ-ഇസ്‌ലാമിയ ഭാദേർവ (എ.ഐ.ബി) എന്ന സംഘടനയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകുന്നേരം റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
‘ഇസ്‌ലാമിനെ അവഹേളിക്കുന്നവർക്കെതിരെ പ്രതികരിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് പ്രതിഷേധക്കാർ റസ്ദാനെ അറസ്റ്റ് ചെയ്യാൻ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.
ജാമിയ മസ്ജിദ് ഭാദേർവയിൽ നിന്ന് വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ആരംഭിച്ച പ്രതിഷേധം ഭാദേർവ പൊലീസ് സ്റ്റേഷന് പുറത്ത് എത്തി. റസ്ദാനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
ഭാദേർവയിൽ വർഗീയ സംഘർഷങ്ങൾ വളർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് എ.ഐ.ബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാർക്കെതിരെ ഞങ്ങൾക്ക് ഒരു വിരോധവുമില്ല. ഞങ്ങൾ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്, പക്ഷേ ചില മത സംഘടനകൾ വിലകുറഞ്ഞ പ്രശസ്തിക്കായി അന്തരീക്ഷത്തെ വിഷലിപ്തമാക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlight: Jammu: Internet ‘Slowed Down’ as Communal Tensions Simmer Over Hindutva Leader’s Post