national news
മണിപ്പൂർ കലാപം; ആദ്യമായി ഒന്നിച്ച് ചർച്ച നടത്തി മെയ്തി, കുക്കി നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 06, 03:03 am
Sunday, 6th April 2025, 8:33 am

ഗുവാഹത്തി: മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി ഒന്നിച്ച് ചർച്ച നടത്തി മെയ്തി, കുക്കി നേതാക്കൾ. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനും സാധാരണ നില പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമായതോടെ, മണിപ്പൂരിൽ കലാപം ആരംഭിച്ചതിനുശേഷം ആദ്യമായി, മെയ്തി, കുക്കി സമുദായങ്ങളുടെ പ്രതിനിധികൾ നേരിട്ട് കണ്ടുമുട്ടി.

ഓൾ മണിപ്പൂർ യുണൈറ്റഡ് ക്ലബ്സ് ഓർഗനൈസേഷൻ (AMUCO), ഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റി ഓർഗനൈസേഷൻസ് (FOCS) എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെടുന്ന ആറ് അംഗ മെയ്തി പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുത്തു. കുക്കി-സോ കൗൺസിലിൽ നിന്നുള്ള ഒമ്പത് പ്രതിനിധികളാണ് കുക്കി പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് വിരമിച്ച സ്‌പെഷ്യൽ ഡയറക്ടർ എ.കെ. മിശ്രയും മണിപ്പൂർ ചീഫ് സെക്രട്ടറി പ്രശാന്ത് കുമാർ സിങ്ങും യോഗത്തിൽ പങ്കെടുത്തു.

ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം, യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളുടെ അന്തിമ കരട് അംഗീകരിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയം ആറ് പ്രധാന കാര്യങ്ങൾ ചർച്ചയ്ക്കായി വെച്ചു. ഈ വിഷയങ്ങൾ തങ്ങളുടെ ആളുകളുമായി ചർച്ച ചെയ്യണമെന്ന് പറഞ്ഞ കുക്കികൾ ആറ് പോയിന്റ് കരട് പ്രമേയത്തെ പിന്തുണച്ചില്ല.

മെയ്തികൾക്ക് പട്ടികവർഗ പദവി നൽകണമെന്ന ആവശ്യത്തെച്ചൊല്ലി ഏകദേശം 23 മാസങ്ങൾക്ക് മുമ്പ് അക്രമാസക്തമായ വംശീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സംസ്ഥാനത്തുടനീളം വ്യാപകമായ അസ്വസ്ഥതകൾക്ക് കാരണമായ കലാപത്തിന് ശേഷം രണ്ട് വിഭാഗങ്ങളും കേന്ദ്രവും തമ്മിൽ നടക്കുന്ന ആദ്യ നേരിട്ടുള്ള സംഭാഷണമാണിത്.

ഈ വർഷം ജനുവരി 17ന്, കുക്കി-സോ കൗൺസിലിൽ നിന്നുള്ള ഒരു നാലംഗ പ്രതിനിധി സംഘം, ചെയർമാൻ ഹെൻലിയാന്താങ് താങ്‌ലെറ്റിന്റെ നേതൃത്വത്തിൽ, എ. കെ. മിശ്ര, ജോയിന്റ് ഡയറക്ടർ രാജേഷ് കാംബ്ലെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന എം.എച്ച്.എ ഉദ്യോഗസ്ഥരുമായി ദൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

2024 ഒക്ടോബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുക്കി-സോ, മെയ്‌തി, നാഗ എം.എൽ.എമാരുടെ യോഗം സംഘടിപ്പിച്ചെങ്കിലും അന്ന് ഇരു സമുദായങ്ങളിൽ നിന്നുമുള്ള നിയമസഭാംഗങ്ങൾ ഒരേ മുറിയിൽ ഇരിക്കാൻ വിസമ്മതിച്ചതിനാൽ യോഗം നടന്നിരുന്നില്ല.

ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

2023ൽ ഔദ്യോഗിക ഗോത്രപദവി നൽകണമെന്ന മെയ്തി വിഭാഗത്തിന്റെ ആവശ്യത്തിനെതിരെ കുക്കി വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ ഭൂരിപക്ഷമായ മെയ്തി വിഭാഗത്തെ പട്ടികവർഗമായി അംഗീകരിക്കുന്നത് തങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാകുമെന്ന് ആശങ്കപ്പെട്ടിരുന്ന കുക്കികൾ ഇതിനെതിരെ പ്രതിഷേധിക്കാൻ തുടങ്ങി. പിന്നാലെ അത് വർഗീയ കലാപമായി മാറുകയും ഭരണകൂടം ഇതിനെതിരെ മൗനം പാലിക്കുകയും ചെയ്തു.

Content Highlight: Meitei, Kuki leaders meet for first time after outbreak of ethnic violence in Manipur