Entertainment
മഹാഭാരതമോ ഖുറാനോ ഗീതയും ഒന്നുമല്ലല്ലോ എങ്ങനെ എടുക്കണമെന്ന് വിമർശിക്കാൻ; എമ്പുരാൻ വിവാദത്തിൽ ഉർവശി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 24, 02:51 am
Thursday, 24th April 2025, 8:21 am

എമ്പുരാൻ വിവാദം സംബന്ധിച്ച ചോദ്യത്തിനോട് പ്രതികരിക്കുകയാണ് ഉർവശി. മഹാഭാരതമോ ഖുറാനോ ഗീതയും ഒന്നുമല്ലല്ലോ സിനിമയെന്നും നിങ്ങൾ എങ്ങനെ എടുക്കുമെന്ന് വിമർശിക്കാനെന്നും തന്റെ സിനിമ തന്റെ സിനിമയാണെന്നും അത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയണമെന്നും ഉർവശി പറയുന്നു.

ഇപ്പോൾ പണ്ടത്തെ പോലയല്ലെന്നും തനിക്ക് കുറച്ച് ആശ്വാസം ഉണ്ടെന്നും ഉർവശി അഭിപ്രായപ്പെട്ടു. കാരണം ഒരു സ്ട്രീറ്റിൽ 30 വീടുണ്ടെങ്കിൽ കുറഞ്ഞത് പത്ത് വീട്ടിലെങ്കിലും വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട ഒരാൾ കാണുമെന്നും ഉർവശി പറഞ്ഞു. ഇതിന്റെ ഗൗരവം മനസിലാക്കുന്ന ഒരാളെങ്കിലും ഉണ്ടാകുമെന്നും ഉർവശി പറഞ്ഞു.

സിനിമക്ക് റൂൾ ബുക്കൊന്നും ഇല്ലെന്നും ഉർവശി കൂട്ടിച്ചേർത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ഉർവശി.

‘മഹാഭാരതമോ ഖുറാനോ ഗീതയും ഒന്നുമല്ലല്ലോ സിനിമ, നിങ്ങൾ എങ്ങനെ അതുമാറ്റും, നിങ്ങൾ എങ്ങനെ ഇങ്ങനെ എടുക്കുമെന്ന് വിമർശിക്കാൻ. എന്റെ സിനിമ, എന്റെ സിനിമയാണ്. എനിക്കിപ്പോൾ ഇങ്ങനെ എടുക്കണമെന്ന് തോന്നി, ഇഷ്ടപ്പെട്ടില്ലെങ്കിൽ ‘എനിക്ക് ഇഷ്ടപ്പെട്ടില്ല’എന്ന് പറയുക.

ഇപ്പോൾ എനിക്ക് കുറച്ച് ആശ്വാസം ഉണ്ട്. പണ്ടത്തെ പോലയല്ല. കാരണം നമ്മൾ ഒരു സ്ട്രീറ്റിൽ ഒരു 30 വീടുണ്ടെങ്കിൽ കുറഞ്ഞത് ഒരു പത്ത് വീട്ടിലെങ്കിലും വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട ഒരാൾ കാണും. ഇതിന്റെ ഗൗരവം അറിയാവുന്ന ഒരാളെങ്കിലും ഉണ്ടാകും.

എങ്കിൽ പോലും ഞാൻ ചോദിക്കുന്നത് ആധികാരികമായിട്ട് WHOപുറത്തിറക്കിയ ബുക്കാണ് ഇതിൽ പാരസെറ്റാമോളിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്. ഇത് ഇങ്ങനെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു എന്നുപറയുന്നതല്ലല്ലോ സിനിമ. റൂൾ ബുക്കൊന്നും ഇല്ലല്ലോ,’ ഉർവശി പറയുന്നു.

1978ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലൂടെയാണ് ഉർവശി സിനിമയിലേക്ക് വന്നത്. പിന്നീട് തന്റെ പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. 1983ൽ പുറത്തിറങ്ങിയ മുന്താണെ മുടിച്ച് എന്ന തമിഴ് സിനിമയായിരുന്നു ആദ്യമായി നായികയായി അഭിനയിച്ച് റിലീസായ സിനിമ. ഈ സിനിമ വൻ വിജയം നേടിയത് ഉർവശിയുടെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി.

1984ൽ പുറത്തിറങ്ങിയ എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. മമ്മൂട്ടിയാണ് ഇതിൽ നായകനായി അഭിനയിച്ചത്. 1985 മുതൽ 1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാൾ ഉർവശി ആയിരുന്നു. ഇക്കാലയളവിൽ 500ൽ അധികം മലയാള ചിത്രങ്ങളിൽ അവർ അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും അവർ വേഷമിട്ടിട്ടുണ്ട്.

ഉത്സവമേളം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ സിനിമകൾക്ക് വേണ്ടി ഉർവശി കഥയും എഴുതിയിട്ടുണ്ട്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന സിനിമ നിർമിച്ചതും ഉർവശി തന്നെയാണ്

Content Highlight: Urvashi Talking About on Empuraan controversy