national news
മാനനഷ്ടക്കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 24, 01:31 am
Thursday, 24th April 2025, 7:01 am

ന്യൂദൽഹി: ദൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽ.ജി) വിനയ് കുമാർ സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ദൽഹി സെഷൻസ് കോടതി.  നിയമപരമായ ഇളവ് ദുരുപയോഗം ചെയ്തു, കോടതി നിർദേശങ്ങൾ അവഗണിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ഏപ്രിൽ 23ന് കോടതിയിൽ ഹാജരാകാൻ മേധാ പട്കറിനോട് ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നടക്കുന്നതിനാൽ അവർ ഹാജരായില്ല.

കോടതിയിലെ മേധാ പട്കറുടെ അസാന്നിധ്യത്തെ സെഷൻസ് കോടതി കർശനമായി വിമർശിക്കുകയും കോടതി ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.

മെയ് മൂന്നിന് പട്കറിനോട് കോടതിയിൽ ഹാജരാകാൻ അഡീഷണൽ സെഷൻസ് ജഡ്ജി വിശാൽ സിങ് ഉത്തരവിട്ടു. ജാമ്യമില്ലാ വാറണ്ടിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾക്കും കോടതി അതേ തീയതി തന്നെ നിശ്ചയിച്ചു.

ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ 2024 ജൂലൈയിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത്, നഷ്ടപരിഹാര തുകയും പ്രൊബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി അവർക്ക് പ്രൊബേഷൻ അനുവദിച്ചിരുന്നു.

2025 ഏപ്രിൽ ഏട്ടിലെ കോടതി ഉത്തരവിൽ മേധാ പട്കറിനോട് ഈ വ്യവസ്ഥകൾ പാലിക്കാൻനിർദേശിച്ചിരുന്നു. എന്നാൽ അവ പാലിക്കുന്നതിൽ അവർ തുടർച്ചയായി പരാജയപ്പെട്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

അതേസമയം ഹൈക്കോടതിയിൽ അപ്പീൽ പരിഗണിക്കാനുണ്ടെന്നും അതിനാൽ നിലവിലെ നടപടികൾ വൈകിപ്പിക്കണമെന്നും മേധാ പട്കറുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യം നിരസിച്ചു.

മേധാ പട്കർ വീഡിയോ കോളിലൂടെ വാദം കേൾക്കലിൽ പങ്കെടുത്തു. എന്നാൽ നേരിട്ട് വരാതിരുന്നതും ശിക്ഷാ നിയമങ്ങൾ പാലിക്കാതിരുന്നതുമായ അവരുടെ തീരുമാനം മനഃപൂർവം കോടതി നടപടികളിൽ നിന്നുള്ള ഒഴിഞ്ഞുമാറ്റമായി തോന്നിയെന്ന് കോടതി വിമർശിച്ചു.

ഇക്കാരണത്താൽ, ജാമ്യമില്ലാ വാറണ്ട് നടപ്പിലാക്കാനും അടുത്ത വാദം കേൾക്കലിനായി മേധാ പട്കർ കോടതിയിൽ ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി ദൽഹി പൊലീസ് കമ്മീഷണറുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. മെയ് മൂന്നിനകം കോടതിയുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ, സെഷൻസ് കോടതി അവരുടെ മുൻ ശിക്ഷ പുനപരിശോധിക്കുകയും ഒരുപക്ഷേ മാറ്റുകയും ചെയ്തേക്കാം.

 

Content Highlight: Court issues non-bailable warrant against Medha Patkar in VK Saxena defamation case