national news
സൊമാറ്റോ 600 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 01, 05:05 pm
Tuesday, 1st April 2025, 10:35 pm

ന്യൂദല്‍ഹി: സൊമാറ്റോയില്‍ നിന്നും 600 കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമനം നടന്ന ഒരു വര്‍ഷത്തിന് ശേഷം പിരിച്ച് വിടാനാണ് സൊമാറ്റോ തീരുമാനിച്ചിരിക്കുന്നതെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്തു.

കമ്പനിയുടെ പ്രധാന ഭക്ഷ്യ വിതരണ ബിസിനസിലെ വളര്‍ച്ച മന്ദഗതിയിലാകുന്നതിനും ചെലവ് ചുരുക്കുന്നതിന് ഓട്ടോമേഷനെ കൂടുതലായി ആശ്രയിക്കുന്നതിനുമെതിരായ പ്രതികരണങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ അറിയിപ്പൊന്നും കൂടാതെയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നും സാമ്പത്തികമായി നഷ്ടപരിഹാരം മാത്രമാണ് പിരിച്ചുവിട്ടതിന് ശേഷം കമ്പനി സ്വീകരിച്ച നടപടിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രോഗ്രാമിന് കീഴില്‍ നിയമിക്കപ്പെട്ട ഭൂരിഭാഗം ജീവനക്കാരെയും വ്യക്തമായ കാരണമില്ലാതെയാണ് പിരിച്ചുവിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സൊമാറ്റോയുടെ ഓണ്‍ലൈനായുള്ള ക്രമീകരണങ്ങളിലുള്‍പ്പെടെ എ.ഐയുടെ സാന്നിധ്യം വര്‍ധിക്കുന്നുണ്ടെന്നും തൊഴിലാളികള്‍ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഒരു വര്‍ഷത്തിനുള്ളില്‍ വില്‍പ്പന, പ്രവര്‍ത്തനങ്ങള്‍, വിതരണ ശൃംഖലകള്‍, മറ്റ് വകുപ്പുകള്‍ എന്നിവയിലെ വിവിധ റോളുകളിലേക്ക് അവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുക എന്ന ലക്ഷ്യത്തോടെ സൊമാറ്റോയുടെ സൊമാറ്റോ അസോസിയേറ്റ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം വഴി ഏകദേശം 1,500 കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ നിയമിച്ചിരുന്നു. എന്നാല്‍ നിലവില്‍ അന്ന് നിയമിച്ചിരുന്ന പല സ്റ്റാഫുകളുടെയും കരാര്‍ പുതിക്കിയില്ലെന്നാണ് വ്യക്തമാകുന്നത്.

നിലവില്‍ കമ്പനിയുടെ വളര്‍ച്ച മന്ദഗതിയിലാണെന്നും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ വലിയ തോതില്‍ രാജികളടക്കം കമ്പനിയില്‍ ഉണ്ടായതായും എ.ഐയുടെ അനാവശ്യ ഉപയോഗമുള്ളതായും പരാതികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Zomato to lay off 600 workers: Report