World News
പകരത്തിന് പകരം; അമേരിക്കയ്ക്ക് 84 ശതമാനം താരിഫ് ചുമത്തി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 04:43 pm
Wednesday, 9th April 2025, 10:13 pm

ബെയ്ജിങ്: വ്യാപാര യുദ്ധത്തിനിടെ ട്രംപിന്റെ പകരചുങ്കം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ അമേരിക്കയ്ക്ക് 84 ശതമാനം താരിഫ് ചുമത്തി ചൈന. വ്യാഴാഴ്ച മുതല്‍ 84 ശതമാനം താരിഫ് പ്രാബല്യത്തില്‍ വരുമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.

പ്രതികാര താരിഫുകളും. യു.എസ് കമ്പനികള്‍ക്കെതിരായ നിയന്ത്രണങ്ങളും ലോക വ്യാപാര സംഘടനയില്‍ പരാതിയുമടക്കം നല്‍കിയാണ് ചൈനയുടെ പ്രതികാര നടപടികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുമ്പ് 34 ശതമാനം അധിക താരിഫ് അമേരിക്കയ്‌ക്കെതിരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുത്തനെയുള്ള വര്‍ധനവ്. നേരത്തെ ചൈനയ്ക്ക് ട്രംപ് 104 ശതമാനമായി താരിഫ് ഉയര്‍ത്തിയതിന്റെ പ്രതികാര നടപടിയാണിതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

യു.എസിന്റെ താരിഫ് വര്‍ധന ആഗോള വ്യാപാര സ്ഥിരതയ്ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുന്നുവെന്ന് കാണിച്ച് ലോക വ്യാപാര സംഘടനയില്‍ ചൈന പരാതിയും നല്‍കിയിട്ടുണ്ട്. 12 യു.എസ് കമ്പനികള്‍ക്ക് കയറ്റുമതി നിയന്ത്രണ പട്ടികയിലും മറ്റ് ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയിലും ചൈന ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ചൈനയ്ക്ക് മേല്‍ തീരുവ വര്‍ധിപ്പിച്ച യു.എസ് നടപടി ഒരു തെറ്റിനു മുകളില്‍ മറ്റൊരു തെറ്റാണെന്നും ഇത് ചൈനയുടെ നിയമാനുസൃത അവകാശങ്ങളെയും താത്പര്യങ്ങളെയും ഗുരുതരമായി ലംഘിക്കുകയും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനത്തെ ഗുരുതരമായി ദുര്‍ബലപ്പെടുത്തുന്നുവെന്നും ചൈനീസ് ധനകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിക്കുന്നത്. ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. പകരച്ചുങ്കം പ്രാബല്യത്തില്‍ വരുന്നതോടെ ചില ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും.

യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് ചുമത്തിയത്.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവ പിന്‍വലിക്കാന്‍ ചൈനക്ക് ട്രംപ് തിങ്കളാഴ്ച വരെ സമയം നല്‍കിയിരുന്നു. സമയപരിധി ഇപ്പോള്‍ അവസാനിക്കുകയും ചൈന അമേരിക്കക്ക് മേല്‍ ചുമത്തിയ തീരുവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ, വൈറ്റ് ഹൗസ് കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതിക്ക് 20 ശതമാനം, ദക്ഷിണ കൊറിയന്‍ ഉത്പന്നങ്ങളില്‍ 25 ശതമാനം, ജാപ്പനീസ് ഉത്പന്നങ്ങള്‍ക്ക് 24 ശതമാനം, തായ്‌വാന്‍ ഉത്പന്നങ്ങള്‍ക്ക് 32 ശതമാനം എന്നിങ്ങനെയാണ് താരിഫുകള്‍. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക്. ഏപ്രില്‍ ഒമ്പത് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്.

ഏപ്രില്‍ രണ്ട് മുതലായിരുന്നു യു.എസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായ മെക്സിക്കോയ്ക്കും കാനഡയ്ക്കും മേല്‍ അമേരിക്ക താരിഫ് ചുമത്തിയത്. അമേരിക്കയോട് സൗഹൃദമുള്ള ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കും ട്രംപ് നികുതി ചുമത്തിയിരുന്നു. അതേസമയം ട്രംപിന് വഴങ്ങി യു.എസ് ഉത്പന്നങ്ങള്‍ക്ക് ചുമത്തിയിരുന്ന തീരുവകള്‍ ഇസ്രഈല്‍ പിന്‍വലിച്ചിരുന്നു.

Content Highlight: Instead of retaliating; China imposes 84 percent tariff on US