തമിഴ് സിനിമയിലെ ഏറ്റവു വലിയ ക്രൗഡ് പുള്ളറാണ് വിജയ്. എത്ര വലിയ ബജറ്റുള്ള സിനിമകളാണെങ്കിലും തന്റെ സ്റ്റാര്‍ഡം കൊണ്ട് മാത്രം അവയെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റാക്കാന്‍ കഴിയുന്ന ഒരേയൊരു തമിഴ് നടനാണ് വിജയ്. ഓരോ സിനിമയും വിജയ് ആരാധകര്‍ ആഘോഷിക്കുന്നതുപോലെ മറ്റൊരു നടനും ലഭിക്കാറില്ല.
എന്നാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി വിജയ് ഇറങ്ങുന്നു എന്ന വാര്‍ത്ത സിനിമാലോകം അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ക്ക് ശേഷം പൂര്‍ണമായും രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നും 2026ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം മത്സരിക്കുമെന്നും വിജയ് അറിയിച്ചു.
രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കഴിഞ്ഞവര്‍ഷം തമിഴ്‌നാട്ടിലെ ഇയര്‍ ടോപ്പറായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ ജന നായകന് ശേഷം ഒരു സിനിമ കൂടി വിജയ് കമ്മിറ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
വിജയ്‌യുടെ കരിയറില്‍ ഏറ്റവും വലിയ ഫാന്‍ ഫോളോയിങ്ങുള്ള ലിയോയുടെ രണ്ടാം ഭാഗം ഉണ്ടായേക്കുമെന്നാണ് പുതിയ റൂമറുകള്‍. ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലിയോ ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയിരുന്നു. ലോകേഷിന്റെ നിലവിലുള്ള പ്രൊജക്ടുകളായ കൂലി, കൈതി 2 എന്നിവക്ക് ശേഷം ലിയോ 2വിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2026ല്‍ ചിത്രം ഷൂട്ടിങ് ആരംഭിക്കുമെന്നും 2027 പൊങ്കലിന് ചിത്രം തിയേറ്ററിലെത്തുമെന്നുമാണ് റൂമറുകള്‍. എന്നാല്‍ ഇലക്ഷന്‍ നടക്കുന്ന സമയമായതിനാല്‍ വിജയ് ഇനി സിനിമകളൊന്നും ചെയ്യാന്‍ സാധ്യതയില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ലോകേഷുമായി ഒരിക്കല്‍ കൂടി കൈകോര്‍ക്കുമെന്ന പോസ്റ്റിന് പിന്നാലെയാണ് ലിയോ 2വിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.
#Thalapathy70 is on
After finishing #Coolie and #Kaithi2, #LokeshKanagaraj to re-unite with Vijay once again.
According to sources, it will be #Leo2 and team is targetting Pongal 2027 release.
Vijay will act on the movie in the gap he gets while ruling TN as our CM.
— Celluloid Conversations (@CelluloidConve2) April 1, 2025
എന്നാല്‍ കൈതി 2, വിക്രം 2, റോളക്‌സ് എന്നീ ചിത്രങ്ങള്‍ മാത്രമേ എല്‍.സി.യുവില്‍ ഇനി ഉദ്ദേശിക്കുന്നുള്ളൂവെന്ന് ലോകേഷ് വ്യക്തമാക്കിയിട്ടുണ്ട്. ആരാധകര്‍ക്ക് വേണ്ടി 70ാമത് സിനിമ വിജയ് കമ്മിറ്റ് ചെയ്യുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്. താരത്തിന്റെ അടുത്ത ചിത്രം ജന നായകന്‍ 2026 പൊങ്കലിന് തിയേറ്ററുകളിലെത്തും. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ജന നായകനെന്നാണ് സൂചനകള്‍.
Content Highlight: Rumors that Vijay will join hands with Lokesh again for Leo 2