ന്യൂദല്‍ഹി: രാജ്യസഭയിലെ ബി.ജെ.പി നേതാക്കളെ എമ്പുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തോട് ഉപമിച്ച് ജോണ്‍ ബ്രിട്ടാസ് എം.പി. ഇന്നലെ പാര്‍ലമെന്റില്‍ ചര്‍ച്ചയായ എമ്പുരാന്‍ സിനിമയിലെ കഥാപാത്രമായ മുന്ന ഇവിടെ പാര്‍ലമെന്റിലെ ബെഞ്ചുകളിലുണ്ടെന്നും അവരെ തങ്ങള്‍ പണ്ടെ തിരിച്ചറിഞ്ഞതാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സഭയിലെ ബി.ജെ.പി നേതാക്കളെ ചൂണ്ടിക്കൊണ്ടായിരുന്നു ബ്രിട്ടാസിന്റെ പരാമര്‍ശം.
ഈ മുന്നയെ മലയാളി തിരിച്ചറിഞ്ഞതാണെന്നും അതാണ് കേരളത്തിന്റൈ ചരിത്രമെന്നും ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു. ‘ഞങ്ങള്‍ ആ വിഷത്തെ അവിടെ നിന്ന് മാറ്റി നിര്‍ത്തി. ഒരാള്‍ ജയിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ നേമത്തെ അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും. മലയാളിക്ക് ഒരു തെറ്റ് പറ്റി. ആ തെറ്റ് ഞങ്ങള്‍ വൈകാതെ തിരുത്തും. പേടിക്കണ്ട,’ ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു.
കേന്ദ്രത്തിന്റ മുനമ്പം നിവാസികളോടും ക്രൈസ്തവരോടുമുള്ള സ്‌നേഹവും തങ്ങള്‍ക്ക് മനസിലാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന് ക്രൈസ്തവരോട് അത്രയും സനേഹം ഉണ്ടായിരുന്നെങ്കില്‍ വെള്ളം പോലും കുടിക്കാന്‍ പറ്റാതെ സ്റ്റാന്‍സ്വാമി ജയിലില്‍വെച്ച് മരിക്കില്ലായിരുന്നെന്നും ജബല്‍പൂരില്‍വെച്ച് ഇന്നലെ ക്രിസ്ത്യന്‍ വൈദികര്‍ ആക്രമണത്തിന് ഇരയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കണക്കുകള്‍ സഹിതം അവതരിപ്പിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രതിരോധം. കഴിഞ്ഞ വര്‍ഷം മാത്രം 700 അക്രമണസംഭവങ്ങളാണ് രാജ്യത്ത് ക്രിസ്ത്യന്‍ സമൂഹത്തിന് നേരെയുണ്ടായത്. മണിപ്പൂരില്‍ 50000ത്തിലധികം ജനങ്ങള്‍ വഴിയാധാരമായി. ഇതൊന്നും കേന്ദ്രം കണ്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടി.
വഖഫിന്റെ എ, ബി, സി, ഡി പോലും ബി.ജെ.പിക്ക് അറിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. വിദ്വേഷവും വര്‍ഗീയതയും പരത്താനാണ് ഈ ബില്ലിലൂടെ ശ്രമിക്കുന്നത്. വഖഫ് ബോര്‍ഡ് ഒരു സ്റ്റാറ്റിറ്റിയൂട്ടറി ബോഡിയാണ്. സുപ്രീംകോടതി പോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വഖഫ് ബോര്‍ഡിന്റെ അധികാരം മുസ്‌ലിം വിഭാഗത്തിന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയാണോ കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കേണ്ടതെന്ന് രാവിലെ ബ്രിട്ടാസ് ചോദിച്ചിരുന്നു.
സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയാണോ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെയാണോ വിശ്വസിക്കേണ്ടതെന്ന് ക്രൈസ്തവ സമൂഹം തീരുമാനിക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറയുകയുണ്ടായി.
Content Highlight: Munna from Empuran will be seen on the BJP bench; Like Nemam, the account in Thrissur will also be closed: John Brittas