മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സുരേഷ് കൃഷ്ണ. ചമയം എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നത്. വിനയന്റെ സംവിധാനത്തില്‍ എത്തിയ കരുമാടിക്കുട്ടന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയതും സുരേഷ് ആയിരുന്നു.
ആ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ ഒരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നിരവധി സിനിമകളില്‍ സുരേഷ് വില്ലന്‍ വേഷങ്ങള്‍ ചെയ്തിരുന്നു. ഒപ്പം ചില സിനിമകളില്‍ സ്വഭാവ നടനായും അഭിനയിച്ചു.
നിലവില്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോമഡി കഥാപാത്രങ്ങളാണ് സുരേഷ് ചെയ്യുന്നത്. ഒപ്പം മുമ്പ് ചെയ്ത സിനിമകളുടെ സ്വഭാവം കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കണ്‍വീന്‍സ് ചെയ്തത് ആരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുരേഷ് കൃഷ്ണ. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഡ്രൈവിങ് ലൈസന്‍സിന്റെ തിരക്കഥാകൃത്ത് സച്ചിയായിരുന്നു. സച്ചി എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് ഒരു മുറിയില്‍ കുറേനാള്‍ താമസിച്ചവരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എന്താണ് എന്നത് അറിയുന്ന ആളാണ് സച്ചി.
ഷാഫിക്കും സച്ചിക്കുമെല്ലാം എന്നെ നന്നായി അറിയം. രണ്ടുപേരും ഇന്ന് നമ്മളുടെ കൂടെയില്ല. അവര്‍ രണ്ടുപേരുമാണ് ഇതിന് തുടക്കമിട്ടതെന്ന് എനിക്ക് തോന്നുന്നു. മറ്റുള്ളവരെല്ലാം സ്ഥിരമായി ഒരേ ടൈപ്പ് പരിപാടിയായിരുന്നു തന്നത്.
കഥ എഴുതുമ്പോള്‍ രണ്ട് ഫൈറ്റും ബലാല്‍സംഘവും വന്നാല്‍ അവനെ വിളിക്കൂവെന്ന് പറയും. അപ്പോള്‍ എനിക്ക് വിളി വരും. അതില്‍ നിന്നൊക്കെ മാറ്റം തന്നത് സച്ചിയും ഷാഫിയുമടങ്ങുന്ന എന്റെ സുഹൃത്തുക്കളാണ്,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna Answers Who Did Convinced Him To Do Comedy Roles