Advertisement
Entertainment
ഒരേ സിറ്റുവേഷനില്‍ രണ്ട് തരത്തിലുള്ള കരച്ചിലായിരുന്നു മമ്മൂക്കയുടേത്, മറ്റൊരു നടനും അങ്ങനെ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല: ഭാമ അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 05:48 am
Thursday, 10th April 2025, 11:18 am

സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടിയാണ് ഭാമ അരുണ്‍. ആദ്യ ചിത്രത്തിലെ വേഷം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ രേഖാചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായും ഭാമ വേഷമിട്ടു. മമ്മൂട്ടി നായകനായ ബസൂക്കയാണ് ഭാമയുടെ ഏറ്റവും പുതിയ ചിത്രം.

മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് ഭാമ അരുണ്‍. മമ്മൂട്ടിയുടെ കരച്ചില്‍ കാണുമ്പോള്‍ നമുക്കും കരച്ചില്‍ വരുമെന്ന് ഭാമ പറഞ്ഞു. അത്തരത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ് വര്‍ഷമെന്ന് ഭാമ അരുണ്‍ പറയുന്നു. ആ സിനിമയില്‍ മകന്‍ മരിച്ചുവെന്ന് അറിയുമ്പോള്‍ മമ്മൂട്ടിയുടെ റിയാക്ഷന്‍ അതിഗംഭീരമാണെന്നും അത് അത്രക്ക് ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും ഭാമ കൂട്ടിച്ചേര്‍ത്തു.

അങ്ങനെയൊരു സിറ്റുവേഷനില്‍ പല രീതിയില്‍ കരയാമെന്ന് ഭാമ പറഞ്ഞു. നെഞ്ചത്തടിച്ച് നിലവിളിച്ചുകൊണ്ട് അഭിനയിക്കാമെന്നും അല്ലെങ്കില്‍ പൊട്ടിക്കരയാമെന്നും ഭാമ അരുണ്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു സിഗരറ്റ് കത്തിച്ചുകൊണ്ട് മുഖത്ത് വിഷമം വരുത്തുകയാണ് മമ്മൂട്ടി ചെയ്തതെന്നും അത് കാണുമ്പോള്‍ നമുക്കും ആ കഥാപാത്രത്തിന്റെ ഫീല്‍ മനസിലാകുമെന്നും ഭാമ പറഞ്ഞു.

എന്നാല്‍ അതുപോലെ ഒരു സിറ്റുവേഷനായിരുന്നു പളുങ്കിലേതെന്നും ഭാമ അരുണ്‍ പറയുന്നു. സ്വന്തം മകള്‍ മരിച്ചുകിടക്കുന്നത് കാണുമ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രം പൊട്ടിക്കരയുകയായിരുന്നെന്നും ആ സീനും പ്രേക്ഷകരെ വിഷമിപ്പിച്ചെന്നും ഭാമ പറഞ്ഞു. രണ്ട് സിനിമകളില്‍ ഒരേ സിറ്റുവേഷന്‍ വന്നപ്പോള്‍ രണ്ടും വ്യത്യസ്ത രീതിയിലാണ് മമ്മൂട്ടി ട്രീറ്റ് ചെയ്തതെന്നും മറ്റൊരു നടനും അങ്ങനെ ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും ഭാമ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ഭാമ അരുണ്‍.

‘മമ്മൂക്ക കരയുന്ന സീനുകള്‍ കാണുമ്പോള്‍ നമുക്കും വിഷമം തോന്നും. ഒരുപാട് സിനിമകള്‍ അങ്ങനെയുണ്ട്. തനിയാവര്‍ത്തനം, അമരം, പപ്പയുടെ സ്വന്തം അപ്പൂസ് അങ്ങനെ കുറേ സിനിമകള്‍. എന്നാല്‍ അധികം ചര്‍ച്ചയാകാത്ത ഒരു സീനായിട്ട് എനിക്ക് പേഴ്‌സണലി തോന്നിയത് വര്‍ഷം എന്ന പടമാണ്.

അതില്‍ സ്വന്തം മകന്‍ മരിച്ചു എന്നറിയുമ്പോള്‍ മമ്മൂക്കയുടെ റിയാക്ഷനുണ്ട്. കണ്ണീര്‍ വരുത്താതെ മുഖത്ത് സങ്കടം വരുത്തിയിട്ട് സിഗരറ്റ് വലിക്കുകയാണ് ആ ക്യാരക്ടര്‍ ചെയ്തത്. വേറെ പല രീതിയിലും ആ സീന്‍ കണ്‍വേ ചെയ്യാം. പൊട്ടിക്കരഞ്ഞിട്ടോ, ചെറുതായിട്ട് കരഞ്ഞിട്ടോ, പക്ഷേ, വര്‍ഷത്തില്‍ ആ സീന്‍ കാണുമ്പോള്‍ നമുക്ക് സങ്കടമാകും.

ഏതാണ്ട് ഇതേ സിറ്റുവേഷനാണ് പളുങ്കിലും. അതില്‍ എക്‌സ്ട്രീം ഓപ്പോസിറ്റാണ് മമ്മൂക്ക ചെയ്തത്. മകളുടെ ക്യാരക്ടര്‍ മരിച്ചു കിടക്കുന്നത് കാണുമ്പോള്‍ പുള്ളി കരഞ്ഞ് നിലവിളിക്കുന്നുണ്ട്. രണ്ട് സീനുകളും കൃത്യമായി ഓഡിയന്‍സിലേക്ക് കണക്ടായി. മറ്റൊരു നടനും അങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല,’ ഭാമ അരുണ്‍ പറഞ്ഞു.

Content Highlight: Bhama Arun about Mammootty’s performance in Varsham and Palunku movie