Kerala News
മാസപ്പടി കേസില്‍ വീണ തൈക്കണ്ടിയില്‍ പ്രതി; സേവനങ്ങള്‍ നല്‍കാതെ സി.എം.ആര്‍.എല്ലില്‍ നിന്ന് 2.70 കോടി കൈപ്പറ്റിയെന്ന് കണ്ടെത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 03, 01:43 pm
Thursday, 3rd April 2025, 7:13 pm

ന്യൂദല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിനെ പ്രതിയാക്കി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം.

സേവനങ്ങള്‍ ഒന്നും നല്‍കാതെ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് 2.70 കോടി വീണയുടെ കമ്പനി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍.

വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് പുറമെ ശശിധരന്‍ കര്‍ത്തയും സി.എം.ആര്‍.എല്ലും പ്രതിസ്ഥാനത്തുണ്ട്. പത്ത് വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് പ്രതികളെ എക്‌സിക്യൂട്ടീവ് ചെയ്യാന്‍ അനുമതി നല്‍കിയത്. അടുത്ത ദിവസം തന്നെ എസ്.എഫ്.ഐ.ഒ കുറ്റപത്രം സമര്‍പ്പിക്കും.

സി.എം.ആര്‍.എല്ലിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും എസ്.എഫ്.ഐ.ഒ പരിശോധിച്ചിട്ടുണ്ട്. 182 കോടിയോളം രൂപ കമ്പനി രാഷ്ട്രീയ നേതാക്കള്‍ക്കായി വകമാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എസ്.എഫ്.ഐ.ഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ സി.എം.ആര്‍.എല്‍ നിരവധി നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം മകള്‍ കേസില്‍ പ്രതിയായതിനാല്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ആരോപണമാണെന്നും അതിനാല്‍ രാജി അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസപ്പടി ആരോപണത്തില്‍ മുമ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വീണയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇ.ഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും അന്തരിച്ച പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവും നല്‍കിയ ഹരജിയാണ് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് തള്ളിയത്.

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക് 1.72 കോടി രൂപ കൈപ്പറ്റിയത് അന്വേഷിക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആവശ്യം. മുഖ്യമന്ത്രിയെ എതിര്‍കക്ഷിയാക്കിയായിരുന്നു അദ്ദേഹം ഹരജി ഫയല്‍ ചെയ്തത്.

Content Highlight: Veena Vijayan, accused in monthly payment case; Found to have received Rs 2.70 crore from CMRL without providing services