ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ലക്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആറാം മത്സരത്തിനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ വിജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
Match 𝑚𝑢𝑠𝑘𝑢𝑟𝑎𝑡𝑒 hue khelenge… 😎 pic.twitter.com/7ak7U0oLXq
— Gujarat Titans (@gujarat_titans) April 12, 2025
അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവുമായാണ് ലഖ്നൗ ഗുജറാത്തിനെ നേരിടാനിറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം ജയമാണ് പന്തിന്റെ സംഘം ഉന്നമിടുന്നത്. നിലവില്‍ സൂപ്പര്‍ ജയന്റ്‌സ് ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനക്കാരനാണ്.
അതേസമയം, ഗുജറാത്ത് തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്നൗവിനെ നേരിടാന്‍ ഒരുങ്ങുന്നത്. സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനാണ് ഗില്ലിന്റെ പട നോട്ടമിടുന്നത്.
മികച്ച ഫോമില്‍ തുടരുന്ന ഗുജറാത്ത് ടൈറ്റന്‍സ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത വാഷിങ്ടണ്‍ സുന്ദറിന് അര്‍ഹിച്ച അവസരം നല്‍കിയില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര.
വാഷിങ്ടണ്‍ ഒരു മത്സരത്തിനിറങ്ങി നല്ല സ്‌കോര്‍ നേടിയിട്ടും അടുത്ത മത്സരത്തിന് അവസരം ലഭിച്ചില്ലെന്നും അപ്പോള്‍ അവനോട് അനുകമ്പ തോന്നുമെന്നും ചോപ്ര പറഞ്ഞു. ടൈറ്റന്‍സ് സുന്ദറിന് ഒരു ബൗളര്‍ എന്ന നിലയില്‍ ഒരു റോളും ഇല്ലെന്ന് കരുതുന്നുണ്ടെന്ന് തനിക്ക് തോന്നുന്നുവെന്നും ആവശ്യമുള്ളപ്പോള്‍ ടൈറ്റന്‍സ് അവനെ ബാറ്റ് ചെയ്യിക്കുമെന്നും അല്ലെങ്കില്‍ അവര്‍ അവനെ ഒഴിവാക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘അവര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒരു മത്സരത്തില്‍ കളിപ്പിച്ചു. അവന്‍ 49 റണ്‍സ് നേടി. അടുത്ത മത്സരത്തില്‍ അവര്‍ അവനെ ബാറ്റ് ചെയ്യിപ്പിച്ചില്ല. ബൗള്‍ ചെയ്യാനും കൊണ്ടുവന്നില്ല. അപ്പോള്‍ ഈ ആളുകള്‍ എന്താണ് ചെയ്യുന്നത്? ചിലപ്പോള്‍, നിങ്ങള്‍ക്ക് അവരോട് അനുകമ്പ തോന്നും.
ഇപ്പോള്‍, ഈ ടീം വാഷിക്ക് ഒരു ബൗളര്‍ എന്ന നിലയില്‍ ഒരു റോളും ഇല്ലെന്ന് കരുതുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ ടൈറ്റന്‍സ് അവനെ ബാറ്റ് ചെയ്യിക്കും, അല്ലെങ്കില്‍ അവര്‍ അവനെ ഒഴിവാക്കും.
ഗുജറാത്ത് ഈ മാനസികാവസ്ഥയിലാണ് കളിക്കാന്‍ പോകുന്നതെന്ന് തോന്നുന്നു. പക്ഷേ അവര്‍ ഫ്‌ലെക്‌സിബിളാണ്. അതിനാല്‍ അവസരം ലഭിക്കുന്ന ഒരു ദിവസം അവര്‍ സുന്ദറിനെ കളിപ്പിക്കും,’ ചോപ്ര പറഞ്ഞു.
Content Highlight: IPL 2025: GT vs LSG: Former Indian Cricketer Akash Chopra Talks About Gujarat Titans All Rounder Washington Sundar