Advertisement
Entertainment
മോഹന്‍ലാലിനെ വീഴ്ത്താന്‍ അജിത്തിനും സല്‍മാന്‍ ഖാനും സാധിച്ചില്ല, 2025ലെ ഓപ്പണിങ്ങില്‍ മോഹന്‍ലാലിന്റെ മുന്നില്‍ റാം ചരണ്‍ മാത്രം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 12, 07:54 am
Saturday, 12th April 2025, 1:24 pm

മലയാളത്തിലെ എല്ലാ കളക്ഷന്‍ റെക്കോഡും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് എമ്പുരാന്‍. മലയാളത്തില്‍ എമ്പുരാന്റെ മുന്നില്‍ ഇനി ഒരൊറ്റ കളക്ഷന്‍ റെക്കോഡ് പോലും ബാക്കിയില്ല. ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് ഉള്‍പ്പെടെ നേടി കേരള ബോക്‌സ് ഓഫീസിന്റെ സിംഹാസനം മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലും എമ്പുരാന്റെ കളക്ഷന്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.

2025ലെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് നേടിയ സിനിമകളില്‍ രണ്ടാമതാണ് എമ്പുരാന്‍. തമിഴിലെ സൂപ്പര്‍താരമായ അജിത് കുമാറും ബോളിവുഡ് സ്റ്റാര്‍ സല്‍മാന്‍ ഖാനും എമ്പുരാന്റെ കളക്ഷന്‍ മറികടക്കാനായിട്ടില്ല. സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം സിക്കന്ദറുമായിട്ടായിരുന്നു എമ്പുരാന്‍ നോര്‍ത്ത് ഇന്ത്യയില്‍ ഏറ്റുമുട്ടിയത്.

 

65 കോടിയാണ് എമ്പുരാന്‍ ആദ്യദിനം ഗ്ലോബല്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. 50 കോടി ക്ലബ്ബ് പോലും വലിയ കാര്യമായി കാണുന്ന മലയാളം ഇന്‍ഡസ്ട്രിയില്‍ ആദ്യദിനം തന്നെ ഒരു സിനിമ 50 കോടി നേടിയത് മോഹന്‍ലാലിലൂടെയാണ്. സല്‍മാന്‍ ഖാന്റെ സിക്കന്ദറാകട്ടെ 45 കോടി മാത്രമാണ് നേടിയത്. റിലീസിന്റെ തലേദിവസം ചിത്രത്തിന്റെ എച്ച്.ഡി പതിപ്പ് ലീക്കായത് സിനിമയെ സാരമായി ബാധിച്ചിരുന്നു.

തമിഴില്‍ ഈ വര്‍ഷത്തെ ഓപ്പണിങ്ങില്‍ ആദ്യ രണ്ട് സ്ഥാനവും അജിത്തിന് തന്നെയാണ്. വന്‍ പ്രതീക്ഷയില്‍ പുറത്തിറങ്ങിയ വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകളാണ് ഈ നേട്ടത്തിലെത്തിയത്. വിടാമുയര്‍ച്ചി ആദ്യദിനം 47 കോടി സ്വന്തമാക്കിയപ്പോള്‍ കരിയറില്‍ ആദ്യമായി 50 കോടി ഓപ്പണിങ് ഗുഡ് ബാഡ് അഗ്ലിയിലൂടെ അജിത് സ്വന്തമാക്കി. 51 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍.

എന്നാല്‍ ഈ സിനിമകള്‍ക്കൊന്നും എമ്പുരാനെ മറികടക്കാന്‍ സാധിച്ചിട്ടില്ല. ഷങ്കര്‍- റാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഗെയിം ചേഞ്ചറാണ് ലിസ്റ്റില്‍ ഒന്നാമത്. 79 കോടിയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. എന്നാല്‍ ഇതിനെ പെരുപ്പിച്ചുകാട്ടി 189 കോടിയെന്ന് കാണിച്ചാണ് അണിയറപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു.

എമ്പുരാന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ അടുത്തെങ്ങും മറ്റൊരു മലയാളചിത്രവും തകര്‍ക്കില്ലെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. സ്വന്തം കളക്ഷന്‍ റെക്കോഡുകള്‍ മറ്റാര്‍ക്കും തകര്‍ക്കാന്‍ സമ്മതിക്കാതെ സ്വയം തകര്‍ക്കുന്ന മോഹന്‍ലാല്‍ ബോക്‌സ് ഓഫീസിന്റെ രാജാവാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിന് മാത്രമേ ഇനി ഈ റെക്കോഡ് മറികടക്കാന്‍ സാധിക്കുള്ളൂ.

 

Content Highlight: Empuraan in second place in Highest opening Indian cinemas of 2025 behind Game Changer movie