Cricket
ആ ഒരൊറ്റ കാര്യം ചെയ്താല്‍ മതി ഓറഞ്ച് ക്യാപ്പൊക്കെ പുഷ്പ്പം പോലെ നേടാം; സൂപ്പര്‍ താരത്തിന് പിന്തുണയുമായി മനോജ് തിവാരി
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 03, 12:45 pm
Thursday, 3rd April 2025, 6:15 pm

ഐ.പി.എല്ലിലെ ആദ്യ രണ്ട് മത്സരങ്ങള്‍ തോല്‍വി വഴങ്ങിയാണ് മുംബൈ ഇന്ത്യന്‍സ് സീസണ്‍ തുടങ്ങിയത്. ശേഷം മൂന്നാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയം നേടിയാണ് മുംബൈ ആദ്യ വിജയം കുറിച്ചത്.

എന്നാല്‍ മൂന്ന് മത്സരങ്ങളിലും മുംബൈക്ക് വേണ്ടി മികച്ച പ്രകടനം നടത്താന്‍ രോഹിത് ശര്‍മയ്ക്ക് സാധിച്ചില്ലായിരുന്നു. വെറും 21 റണ്‍സാണ് താരത്തിന് രേഖപ്പെടുത്താന്‍ സാധിച്ചത്. ഇപ്പോള്‍ രോഹിത്തിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.

ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ് നേടാന്‍ അര്‍ഹതയുള്ള താരമാണ് രോഹിത്തെന്നും സ്ഥിരമായി റണ്‍സ് നേടാന്‍ നിലവാരമുള്ള താരമാണ് രോഹിത്തെന്നും തിവാരി പറഞ്ഞു. മാത്രമല്ല ക്രീസില്‍ കൂടുതല്‍ സമയം നിന്ന് കളിക്കുന്നത് ഗുണം ചെയ്യുമെന്നും ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയുള്ള താരമാണ് രോഹിത്തെന്നും മുന്‍ താരം പറഞ്ഞു.

‘ഒരു സീസണില്‍ ഓറഞ്ച് ക്യാപ് നേടാന്‍ അദ്ദേഹം തീര്‍ച്ചയായും അര്‍ഹനാണ്. സ്ഥിരമായി റണ്‍സ് നേടേണ്ട നിലവാരമുള്ള കളിക്കാരനാണ് അദ്ദേഹം. ഇന്ത്യയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ബാറ്റിങ് സമീപനം മികച്ചതാണ്. എന്നിരുന്നാലും വേഗതയില്‍ കളിക്കുന്നതിനപ്പുറം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച് ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടി തന്റെ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹം. സ്ഥിരത നേടിയാല്‍ അദ്ദേഹം വലിയ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങും. ചിലപ്പോഴൊക്കെ, അദ്ദേഹത്തിന്റെ വേഗതയേറിയ ശൈലി അദ്ദേഹത്തിന് നിര്‍ണായക ഇന്നിങ്‌സുകള്‍ നഷ്ടപ്പെടുത്തും,’ തിവാരി ക്രിക്ബസില്‍ പറഞ്ഞു.

നലവില്‍ ഐ.പി.എല്ലില്‍ 260 മത്സരങ്ങളില്‍ നിന്ന് 6649 റണ്‍സാണ് രോഹിത് നേടിയത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ വരും മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: IPL 2025- Manoj Tiwary Talking About Rohit Sharma