കോഴിക്കോട്: വഖഫ് ബില്ലില്‍ മൗനം പാലിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി കേരള ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് നയീം ഖഫൂര്‍. ഇന്ത്യയിലെ ഏറ്റവും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മതവിഭാഗത്തിന് ഭീഷണിയാവുന്ന ഒരു ബില്ലിന് മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കേണ്ടവരായ പ്രിയങ്ക ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ഭാഗത്ത് നിന്നുണ്ടായ മൗനവും അസാന്നിധ്യവും വലിയ കുറ്റമാണെന്ന് നയീം ഖഫൂര്‍ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ബില്‍ ചര്‍ച്ചയ്ക്കിടെ വൈകിയാണ് സഭയിലെത്തിയത്. എന്നാല്‍ സഭയിലെത്തിയിട്ടും വിഷയത്തില്‍ ഒരു വാക്ക് പോലും മിണ്ടാതെ രാഹുല്‍ മൗനം പാലിച്ചത് കുറ്റകരമാണെന്ന് നയീം ഖഫൂര്‍ പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് ശേഷം എക്‌സില്‍ വഖ്ഫ് ഭേദഗതിക്കെതിരെ നിലപാട് പോസ്റ്റ് ചെയ്ത് സോഷ്യല്‍ മീഡിയ ആക്ടിവിസം നിര്‍വഹിക്കുകയാണ് രാഹുല്‍ ചെയ്തതെന്നും എന്നാല്‍ അത് ചെയ്യാനല്ല ഇന്ത്യ മുന്നണിയുടെ നേതാവും പ്രതിപക്ഷ നേതാവുമായ അദ്ദേഹത്തെ ലോക്‌സഭയിലേക്ക് അയച്ചിട്ടുള്ളതെന്ന് ഖഫൂര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.
രാഹുല്‍ സാന്നിധ്യം കൊണ്ടെങ്കിലും സഭയില്‍ ഉണ്ടായിരുന്നെങ്കിലും 40% ത്തോളം മുസ്‌ലിം ജനസംഖ്യയുള്ള വയനാട് മണ്ഡലത്തിലെ എം.പിയായ പ്രിയങ്ക ഗാന്ധിയുടെ ഒരു വിവരവും ചര്‍ച്ചയില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിട്ടും എന്ത് കൊണ്ട് വിട്ടുനിന്നു എന്ന് പൊതുസമൂഹത്തിനോട് പ്രിയങ്ക ഗാന്ധി വിശദീകരണം നല്‍കണം.
‘ഒരു മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിലെങ്കിലും മിനിമം ഉത്തരവാദിത്തം വോട്ടര്‍മാരോടും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തോടും കാണിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറാകണമായിരുന്നു. ചരിത്രപരമായി ഇന്ത്യയിലെ വഖഫ് സംരക്ഷണ നിയമവുമായി അഭേദ്യമായ ബന്ധമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.
ബി.ജെ.പി യുടെ നിര്‍ദ്ദിഷ്ഠ വഖ്ഫ് ഭേദഗതി ബില്ലിനെ തുറന്നെതിര്‍ക്കാന്‍ ഏറ്റവും ഉത്തരവാദിത്തമുള്ള പാര്‍ട്ടി കൂടിയാണ് കോണ്‍ഗ്രസ്. ഇന്ത്യ മുന്നണി ഒന്നടങ്കം ദേദഗതി ബില്ലിനെതിരെ രംഗത്ത് വന്നപ്പോഴും അതിന് നേതൃത്വം നല്‍കേണ്ടവരുടെ ഭാഗത്ത് നിന്നുണ്ടായ സഭയിലെ മൗനവും അസാന്നിധ്യവും വലിയ കുറ്റകരമാണ്,’ നയീം ഖഫൂര്‍ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം ചരിത്രപരമായ ഈ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യ മുന്നണിയിലെ സകല കക്ഷികള്‍ക്കും എം.പി മാര്‍ക്കും നയീം ഖഫൂര്‍ തന്റെ അഭിവാദ്യങ്ങള്‍ അറിയിക്കുന്നുണ്ട്. ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തേയും ഹിന്ദുത്വ വംശീയതക്കെതിരായ നിലപാടുകളും മനസിലാക്കാന്‍ എല്ലാ പാര്‍ട്ടികളും ജനപ്രതിനിധികളും തയ്യാറാകേണ്ടതുണ്ടെന്നും അങ്ങനെ ചെയ്താല്‍ മാത്രമെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് ശക്തി പകരാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: Waqf Bill; Rahul Gandhi’s unforgivable silence; Priyanka Gandhi’s criminal absence; Fraternity State President Naeem Gafoor